kerala

എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക; പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

By Akhila

January 31, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയ്ക്കുമേല്‍ പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം നീട്ടിയ സമയപരിധിയാണ് ഇന്നലെ അവസാനിച്ചത്. പുതിയ വോട്ടര്‍മാരായി ഇന്നലെ വരെ പേര് ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയായിരിക്കും എസ്‌ഐആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഇന്ന് മുതല്‍ പുതിയ വോട്ടര്‍മാരായി പേര് ചേര്‍ക്കുന്നവര്‍ നിയമസഭ തെരഞ്ഞടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി ലിസ്റ്റിലായിരിക്കും ഉള്‍പ്പെടുക.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസംവരെ പുതിയ വോട്ടര്‍മാരായി അപേക്ഷ നല്‍കാം. എന്നാല്‍ ഇവര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ അപേക്ഷകള്‍ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതോടെ ഇവര്‍ക്കും നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകുമെന്ന് കമ്മീഷന്‍.

2.58 കോടി വോട്ടര്‍മാരാണ് എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള കാലയളവില്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ മുഖേന പേര് ഉള്‍പ്പെടുത്തുന്നതിന് 14,769 അപേക്ഷകളും പേര് ഒഴിവാക്കുന്നതിന് 678 അപേക്ഷകളുമാണ് ലഭിച്ചത്. ഈ കാലയളവില്‍ പുതുതായി വോട്ട് ചേര്‍ക്കാന്‍ 10,00,952 അപേക്ഷകളും പ്രവാസി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി 1,46,880 അപേക്ഷകളും ലഭിച്ചു. ഫെബ്രുവരി 21നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. 14 വരെ ഹിയറിങ് നടപടികള്‍ തുടരും.