News

പശ്ചിമ ബംഗാളിലെ എസ്‌.ഐ.ആർ ജനാധിപത്യത്തെ ദുർബലപ്പെടുത്തും; അമർത്യ സെൻ മുന്നറിയിപ്പ്

By sreenitha

January 25, 2026

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ‘അനാവശ്യമായ തിടുക്കത്തിൽ’ നടപ്പിലാക്കുന്ന സ്‌പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്‌.ഐ.ആർ) ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും, ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് മുസ്‌ലിംകളും മറ്റ് ദുർബല വിഭാഗങ്ങളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെൻ മുന്നറിയിപ്പ് നൽകി.

വോട്ടർ പട്ടികയുടെ പരിഷ്കരണം ശ്രദ്ധാപൂർവ്വവും മതിയായ സമയപരിധിക്കുള്ളിലും നടപ്പാക്കിയാൽ മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയുള്ളൂവെന്നും, എന്നാൽ ഇപ്പോൾ പശ്ചിമ ബംഗാളിൽ നടക്കുന്നത് അത്തരത്തിലൊരു പ്രക്രിയയല്ലെന്നും സെൻ പറഞ്ഞു.

വോട്ടവകാശമുള്ള പൗരന്മാർക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശം തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ മതിയായ അവസരം നൽകാതെ എസ്‌.ഐ.ആർ തിടുക്കത്തിൽ നടപ്പിലാക്കുകയാണെന്നും, ഇത് വോട്ടർമാരോടുള്ള അനീതിയും ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ അപകടവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട തന്റെ വ്യക്തിപരമായ അനുഭവവും സെൻ പങ്കുവച്ചു. പ്രക്രിയയിൽ ഉദ്യോഗസ്ഥർക്കിടയിൽ പോലും കടുത്ത സമയ സമ്മർദ്ദം പ്രകടമായിരുന്നുവെന്നും, ചിലപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് തന്നെ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന ബോധം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിനികേതനിലെ തന്റെ വോട്ടവകാശം ചോദ്യം ചെയ്യപ്പെട്ട അനുഭവം ഓർമ്മിപ്പിച്ച അമർത്യ സെൻ, അവിടെയാണ് താൻ മുൻപ് വോട്ട് ചെയ്തിട്ടുള്ളതെന്നും തന്റെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിലവിലുണ്ടെന്നും വ്യക്തമാക്കി. എന്നിരുന്നാലും, തന്റെ സ്വന്തം മണ്ഡലത്തിൽ നിന്നുള്ള വോട്ടവകാശത്തെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ, ജനനത്തീയതി പരിശോധിച്ച് ഇതിനകം മരിച്ചുപോയ തന്റെ അമ്മയുടെ പ്രായത്തെക്കുറിച്ചും വിശദീകരണം തേടിയെന്നും അദ്ദേഹം പറഞ്ഞു. ഒരു വോട്ടർ എന്ന നിലയിൽ, തന്റെ അമ്മയുടേതടക്കം എല്ലാ വിവരങ്ങളും ഔദ്യോഗിക രേഖകളിൽ തന്നെ ഉണ്ടായിരുന്നുവെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.