കോഴിക്കോട്: എസ്.ഐ.ആര്‍ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താന്‍ മുസ്‌ലിംലീഗ് പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികള്‍ ഇന്ന് വൈകുന്നേരം 7 മണി മുതല്‍ പ്രത്യേക ജാഗ്രതാ ക്യാമ്പ് ചേരും. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളില്‍ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പരിശോധന നടത്തുന്നത്. ഓരോ ബൂത്തിലെയും പാര്‍ട്ടി പ്രതിനിധികളും ബി.എല്‍.എമാരും ഒരുമിച്ച് കൂടി വോട്ടര്‍ പട്ടികയിലില്ലാത്ത പതിനെട്ട് വയസ്സ് തികഞ്ഞവരെ ചേര്‍ക്കാനും അനധികൃതകമായി കയറിപ്പറ്റിയവരെ പുറത്താക്കാനുമുള്ള വിശദമായ ബൂത്ത് തല പദ്ധതികള്‍ തയ്യാറാക്കുകയാണ് ഉദ്ദേശ്യം. ജാഗ്രതാ പരിശോധനാ സദസ്സില്‍ പാര്‍ട്ടിയുടെ എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ അവരവരുടെ പഞ്ചായത്തുകളില്‍ പങ്കെടുക്കണം.
എസ്.ഐ.ആര്‍ സംബന്ധിച്ച ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ആപ്പ് വഴി നിരീക്ഷിക്കും. ഇതിനുള്ള വിശദമായ റിപ്പോര്‍ട്ടിംങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ ബൂത്ത്, പഞ്ചായത്ത്, മണ്ഡല കോ-ഓര്‍ഡിനേറ്റര്‍മാര്‍ ദിവസവും അപ്‌ഡേറ്റ് ചെയ്യണം. ഓരോ വീട്ടിലും കയറി വോട്ടവകാശമുള്ളവരെ കണ്ടെത്തി ജനകീയ വോട്ടര്‍ പട്ടിക കൂടി തയ്യാറാക്കേണ്ടതുണ്ട്. ഇതിനുള്ള മാതൃകാ ഫോമുകളും വിശദമായ നിര്‍ദേശങ്ങളും ജില്ലാ കമ്മറ്റികള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങിലെ നേതാക്കള്‍ അതീവ ഗൗരവത്തോടെ ക്യാമ്പ് സംഘടിപ്പിക്കുകയും വോട്ടര്‍ പട്ടിക പരിശോധനയും ആവശ്യമായ തീരുമാനങ്ങളും എടുത്ത ശേഷം മാത്രം ക്യാമ്പ് അവസാനിപ്പിക്കുകയും വേണം. തീവ്രപരിശോധനകള്‍ക്ക് ശേഷം വരുന്ന വോട്ടര്‍ പട്ടികയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക എന്നതിനാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനം എന്ന നിലയില്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.