ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ രാജ്യസഭയില്‍ രൂകഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിന് പകരം പൗരന്മാരുടെ വോട്ടവകാശം പരിശോധിക്കുന്ന പ്രക്രിയയായി എസ്‌ഐആര്‍ മാറിയിരിക്കുകയാണെന്ന് കമല്‍ ഹാസന്‍ കുറ്റപ്പെടുത്തി.
‘ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം സര്‍, പക്ഷേ കമ്മിഷന്‍ ഞങ്ങളുടെ വോട്ടവകാശമാണ് പരിശോധിക്കുന്നത്. പേരിലെ അക്ഷരത്തെറ്റും വിലാസവും പരിശോധിക്കുന്നത് തെറ്റായ രീതിയിലാണ്. ഇതിനെ ‘ജീവിക്കുന്നവരുടെ അക്ഷരത്തെറ്റ് പരിശോധിച്ച മരണക്കുറിപ്പ്’ എന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്,’ കമല്‍ ഹാസന്‍ പറഞ്ഞു.
തന്റെ തമിഴ് അധ്യാപകനും രാഷ്ട്രീയ നേതാവുമായിരുന്ന സി.എന്‍. അണ്ണാദുരൈയാണ് ഭാഷയ്ക്കും സംസ്‌കാരത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങളെ നേരിടാന്‍ തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗാന്ധിജിയില്‍ നിന്ന് കോപമില്ലാതെ സംസാരിക്കാനും, പെരിയാറില്‍ നിന്ന് യുക്തിയും അണ്ണാദുരൈയില്‍ നിന്ന് പാര്‍ലമെന്ററി ജനാധിപത്യവും താന്‍ പഠിച്ചുവെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
എസ്‌ഐആര്‍ തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇത് ഒരു ‘ദേശീയ വിപത്താണെന്നും’ അദ്ദേഹം പറഞ്ഞു.