News

ബംഗാളില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 58 ലക്ഷം പേരെ ഒഴിവാക്കി

By webdesk18

December 16, 2025

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 58 ലക്ഷം പേരെ ഒഴിവാക്കി. 24 ലക്ഷം പേര്‍ മരിച്ചു എന്നും 19 ലക്ഷം പേര്‍ താമസം മാറി എന്നും 12 ലക്ഷം പേര്‍ കാണാനില്ല എന്നും 1.3 ലക്ഷം പേര്‍ ഇരട്ടവോട്ടുകള്‍ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ ആദ്യ ഘട്ടം അവസാനിച്ചു. കരട് പട്ടികയില്‍ നിന്ന് അന്യായമായി പേരുകള്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് എതിര്‍പ്പ് ഉന്നയിക്കാം. ഈ അപേക്ഷകളില്‍ തീരുമാനമായ ശേഷം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും. 2002 ലാണ് ബംഗാളില്‍ അവസാനമായി എസ്ഐആര്‍ നടത്തിയത്.

കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളില്‍ എസ്ഐആറിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാക്കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി തുടക്കം മുതല്‍ എസ്‌ഐആര്‍ പ്രക്രിയയ്ക്ക് എതിരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ എസ്ഐആറിലൂടെ വെട്ടിമാറ്റാന്‍ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ആരോപിക്കുന്നു.