kerala

എസ്.ഐ.ആര്‍: തിര. കമ്മീഷന്‍ ചെയ്യുന്നത് കടുത്ത അനീതിയെന്ന് മുസ്ലിം ലീഗ്

By webdesk17

January 04, 2026

തിരുവനന്തപുരം എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത് കടുത്ത അനീതിയെന്ന് മുസ്ലിം ലീഗ്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ തുറന്നടിച്ചത്. 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്സ് ചട്ടങ്ങളിലെ ചട്ടം 12 പ്രകാരം കരട് പ്രസിദ്ധികരിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും അവകാശം ഉന്നയിക്കാനും തര്‍ക്കങ്ങള്‍ നല്‍കാനും 30 ദിവസം നല്‍കണമെ ന്നിരിക്കെ വിദേശത്ത് ജനിച്ച 5 ലക്ഷത്തോളം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപേക്ഷ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മുസ്ലിം ലീഗ് ഉള്‍പെടെയുള്ള രാഷ്ടീയ കക്ഷികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും 30 ദിവസം കാലാവധിയില്‍ 12 ദിവസമായിട്ടും വെബ്‌സൈറ്റില്‍ അനുവാദം നല്‍കിയിട്ടില്ല. 20 ലക്ഷത്തോളം പ്രവാസികളില്‍ 75000 ആളുകള്‍ മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കിയിരിക്കുന്നത്. ജനുവരി 1 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ വെബ്‌സൈറ്റില്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഈ അപാകതകള്‍ പരിഹരിച്ചതിന് ശേഷം 30 ദിവസം സമയം ലഭിക്കാന്‍ ചട്ടം 12 പ്രകാരം പ്രവാസികള്‍ക്ക് അവകാശമുണ്ട്. ജനുവരി 22 ന് അവസാന ദിവസമായി തീരുമാനിക്കുന്നത് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധതയും അവകാശലംഘനവും ഇലക്ഷന്‍ കമ്മീഷന്‍ തുടര്‍ന്നാല്‍ അതിനെതിരെ പ്ര ക്ഷോഭം നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നോണ്‍ മാപ്പിംഗ് എന്ന പേരില്‍ നോട്ടീസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ആളുകളും ബി.എല്‍.ഒമാര്‍ വഴി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവരെയും നോട്ടീസ് അയച്ച് വരുത്തുന്നത് ചട്ടം 18ന് വിരുദ്ധമാണ്. നോട്ടീസ് കൊടുക്കാതെ തന്നെ അവരുടെ പേരുകള്‍ അന്തിമ പട്ടികയില്‍ നില നിര്‍ത്തണം എന്നതാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. മലയാളത്തിലുള്ള പേരുകള്‍ ഇംഗ്ലീഷിലാക്കിയപ്പോള്‍ ഉണ്ടായ അക്ഷര പിശകിനെ ‘ലോജിക്കല്‍ ഡിസ്‌ക്രിപ്പന്‍സി എന്ന ഓമനപേരിട്ട് അവര്‍ക്കും നോട്ടീസ് കൊടുക്കുന്നത്. ഇലക്ഷന്‍ കമ്മിഷന് അക്ഷരത്തെറ്റ് വന്നതിന് വോട്ടര്‍മാര്‍ ഉത്തരവാദിയാണെന്ന് പ റയുന്നതിന് തുല്ല്യമാണ്. പുതിയ 5003 ബൂത്തുകള്‍ ഉണ്ടാക്കി പുതിയ ബി.എല്‍.ഒമാരെ വെച്ചപ്പോള്‍ ഏകോപനമില്ലാത്ത കൊണ്ടും പുതിയ ബി.എല്‍.ഒമാര്‍ക്ക് പരിശീല നം ലഭിക്കാത്തതിന്റെ പേരിലും വോട്ടര്‍മാര്‍ അനാഥരാവുകയാണ്. വൃദ്ധര്‍ക്കും രോഗികള്‍ക്കും പ്രതിനിധികള്‍ വഴി ഹിയറിംഗിന് ഹാജരാകാം എന്ന് ഉത്തരവിറക്കണമെന്നും ഇതേ ആനുകൂല്യം പ്രവാസികള്‍ക്ക് നല്‍കുകയും ഒപ്പം ഓണ്‍ലൈന്‍ ഹിയറിംഗ് അനുവദിക്കുകയും വേണമെന്നും ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കണിയാപുരം ഹലീമും പങ്കെടുത്തു.