editorial
അട്ടിമറിക്കപ്പെടുന്ന എസ്.ഐ.ടി അന്വേഷണം
EDITORIAL
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന എ സ്.ഐ.ടി അന്വേഷണം അട്ടിമറിക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. അന്വേഷണ ഫലമായി പാര്‍ട്ടി നേതാക്കളും സര്‍ക്കാറിലെ പ്രമുഖരും അഴിയെണ്ണിക്കൊണ്ടിരിക്കുമ്പോള്‍, അവസാന ഘട്ടത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന ഭയപ്പാടാണ് അന്വേഷണം സുഖമമായി മുന്നോട്ടുപോകുന്നതിന് മുന്നില്‍ വിലങ്ങുതടിയായി നിലയുറപ്പിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ തന്നെയുണ്ടായിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയും, ഉണ്ണികൃഷ്ണന് പോറ്റിയില്‍ നിന്നാരംഭിച്ച് ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ചെയര്‍മാന്‍മാരുടെയുമൊക്കെ ചോദ്യംചെയ്യലും അറസ്റ്റുമെല്ലാം താമസംവിനാ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റുമാരായ എ. വാ സുവും എം. പത്മകുമാറും അറസ്റ്റിലായതോടെ സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും നെഞ്ചിടിപ്പ് വര്‍ധിക്കുന്നതാണ് പിന്നീട് കാണാനായത്. പത്മകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിശേഷിച്ചും. ദൈവംപോലൊരാളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് തിരുത്തിയതെന്ന അദ്ദേഹത്തിന്റെ മൊഴി സാക്ഷാല്‍ പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന വിലയിരുത്തല്‍ വ്യാപകമായി നടക്കുകയുണ്ടായി.
ഇതിനുശേഷമാണ് അന്വഷണം ഒച്ചിന്റെ വേഗതയിലേക്ക് മാറിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയുള്ളപ്പോള്‍ കേസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീങ്ങുന്നതും സംശയത്തിന്റെ നിയലില്‍ നില്ക്കുന്ന മുന്‍മന്ത്രി ഉള്‍പ്പെടെ ചോദ്യംചെയ്യലിന് വിധേയമാക്കപ്പെടുന്നതുമെല്ലാം സര്‍ക്കാറിനും പാര്‍ട്ടിക്കും ഓര്‍ക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളായിരുന്നു. അന്വേഷണം ഇഴയുന്നുണ്ടെന്ന് കൃത്യമായി ബോധ്യപ്പെട്ട കോടതി, ഒരു ഘട്ടത്തില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്യുകയുണ്ടായി. എന്നാലിപ്പോള്‍ അന്വേഷണം തടസപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ള വഴിവിട്ട ശ്രമങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് എസ്.ഐ.ടി എത്തിച്ചേരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടുവെന്നുമാത്രമല്ല, പ്രതിപക്ഷത്തെ കേസിന്റെ ഭാഗമാക്കാനുള്ള ഗൂഢശ്രമങ്ങളും നടത്തിക്കൊണ്ടരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സി.പി.എം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സി.ഐമാരെകൂടി അന്വേഷണ സംഘത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിനുള്ള ന്യായം. എന്നാല്‍ ഈ പേരുകള്‍ വന്നതിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സി.പി.എമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയി രിക്കുകയാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചിരിക്കുന്നു.
മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എസ്.ഐ.ടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അവരുടെ ഇടപെടലും എസ്.ഐ.ടിയെ നിര്‍വീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ഈ നീക്കത്തിന് പിന്നിലുണ്ട്. എസ്.ഐ.ടിയുടെ നീക്കങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ പേരില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യംചെയ്യലിന് വിധേയമാക്കാനുള്ള നീക്കവും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്‍ ഒളിപ്പിച്ചുവെച്ചതുമെല്ലാം ഈ ഉദ്യോഗസ്ഥ സംഘത്തിന്റെ ഗൂഢ നീക്കങ്ങളുടെ ഭാഗമായിതന്നെയാണെന്നത് സുവ്യക്തമാണ്. ഏതായാലും ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമം നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായിക്കണ്ട് നടപടി സ്വീകരിക്കാന്‍ നിയമപീഠത്തിന്റെ ഭാഗത്തുനിന്നുതന്നെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള സര്‍ക്കാറിന്റെ രാഷ്ട്രീയ നീക്കങ്ങളെ തടുത്തു നിര്‍ത്താന്‍ കഴിയാത്തപക്ഷം ശബരിമല സ്വര്‍ണമോഷണക്കേസ് അട്ടിമറിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കഴിഞ്ഞതിന് പിന്നാലെ രണ്ട് രോഗികള്‍ മരണമടഞ്ഞ സംഭവം കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വ ലിയ ആശങ്കയുണ്ടാക്കുന്നതാണ്. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രന് (60) എന്നിവരാണ് മരിച്ചത്. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 25ന് ഡയാലിസിസ് ചെയ്തത് 26 പേരാണ്. ഇതില്‍ 6 പേര്‍ക്ക് അസ്വസ്ഥത ഉണ്ടാകുകയും രോഗികളില്‍ രണ്ട് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു.
മരിച്ച രാമചന്ദ്രന് ഡയാലിസിസ് ചെയ്യുന്നതിന് മുന്‍പ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിറയല്‍ ഉണ്ടായി, രക്തം ഛര്‍ദ്ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ നിന്ന് വേണ്ട പരിഗണന കിട്ടിയില്ലെന്നും ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത് വൈകിട്ട് കുടുംബം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണെന്നും ആരോപണമുണ്ട്. വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ ഐ.സി.യു ഒഴിവില്ലായിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഗുരുതരാവസ്ഥയില്‍ ഹരിപ്പാട് ആശുപത്രിയില്‍ നിന്ന് വണ്ടാനത്തേക്ക് റഫര്‍ ചെയ്തത് ഐ.സി.യുവില്‍ ഒഴിവുണ്ടോ എന്ന് പോലും നോക്കാതെയാണ് എന്നും ബന്ധുക്കള്‍ പറയുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ വിഷയം അറിയില്ലെ ന്നായിരുന്നു പ്രതികരണമെന്നും കുടുംബം പറയുന്നു. ആരോഗ്യ മന്ത്രി ഒന്നും അറിയുന്നില്ല. മന്ത്രി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം. മൈക്കിന് മുന്നില്‍മാത്രം വന്നു നിന്നിട്ട് ഒരു കാര്യവുമില്ലെന്നുമുള്ള രാമചന്ദ്രന്റെ ബന്ധുക്കളുടെ അഭിപ്രായം കേരളത്തിലെ ഓരോ പാവപ്പെട്ടവന്റെയും അഭിപ്രായമാണ്.
അണുബാധയാണ് മരണകാരണമെന്ന പ്രാഥമിക നിഗമനങ്ങളും ബന്ധുക്കളുടെ ആരോപണങ്ങളും ഗൗരവകരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 26 പേര് ഡയാലിസിസിന് വിധേയരായതില്‍ ആറ് പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും അതില്‍ രണ്ട് പേരുടെ ജീവന് നഷ്ടപ്പെടുകയും ചെയ്തു എന്നത് ചികിത്സാ സുരക്ഷാ മാനദണ്ഡങ്ങളിലെ പാളിച്ചകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന കാഴ്ചകളാകുമ്പോഴും, മറുപടിയില്ലാത്ത ചോദ്യങ്ങള്‍ നിരവധിയാണ് ഉയരുന്നത്. അന്താരാഷ്ട്ര നിലവാരമെന്നും ‘നമ്പര്‍ വണ്‍’ എന്നും അവകാശപ്പെടുമ്പോഴും സമീപകാലത്തായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഈ അവകാശവാദങ്ങളെ പരിഹസിക്കുന്നതാണ്. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം മുതല്‍ ചികിത്സയ്ക്കെത്തിയ കുഞ്ഞിന്റെറെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സാഹചര്യം വരെ നീളുന്ന വീഴ്ചകള്‍ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ഐ.സി.യുകളില്‍ പോലും രോഗികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥയും മരുന്നുകളുടെയും ഉപകരണങ്ങളുടെയും അഭാവം മൂലം ശസ്ത്രക്രിയകള്‍ മുടങ്ങുന്നതും ഭരണകൂടത്തിന് ചേര്‍ന്നതല്ല.
സംവിധാനങ്ങളുടെ പോരായ്മയും ഉത്തരവാദിത്തമില്ലായ്മയുമാണ് ഇത്തരം വീഴ്ചകളുടെ പ്രധാന കാരണം. ഹരിപ്പാട് സംഭവത്തില്‍ ഡയാലിസിസ് ഉപകരണങ്ങളുടെയും ജലത്തിന്റെയും ഗുണനിലവാരം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ദുരന്തങ്ങള്‍ സംഭവിച്ചതിന് ശേഷം മാത്രം നടത്തേണ്ട ഒന്നല്ല. കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട ‘ക്വാളിറ്റി ഓഡിറ്റിംഗ്’ സംവിധാനത്തിലെ വീഴ്ച്ചയാണ് ഇവിടെ പ്രകടമാകുന്നത്. ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അന്വേഷണ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളോ കുറ്റക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടികളോ ഉണ്ടാകാത്തതാണ് വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ കാരണം. കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യാഥാര്‍ത്ഥ്യങ്ങളെ മൂടിവെച്ചുകൊണ്ടുള്ള പ്രചാരണങ്ങളാണ്. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ തുറന്നുപറയുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതും പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവരെ ശത്രുക്കളായി കാണുന്ന രീതിയും ആരോഗ്യകരമായ ഒരു സമൂഹത്തിന് ഗുണകരമല്ല. ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ളവര്‍ കേവലം പ്രസ്താവനകളില്‍ ഒതുങ്ങാതെ, താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്താന്‍ തയ്യാറാകണം.
ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്‍കാല നേട്ടങ്ങളെ മുന്‍നിര്‍ത്തി വര്‍ത്തമാനകാലത്തെ വീഴ്ചകളെ ന്യായികരിക്കുന്നത് അപകടകരമാണ്. ജനങ്ങളുടെ ജീവന് വെച്ചുള്ള പരീക്ഷണങ്ങള്‍ അനുവദിക്കാനാവില്ല. ഹരിപ്പാട് സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം, സംസ്ഥാനത്തെ മുഴുവന്‍ ഡയാലിസിസ് കേന്ദ്രങ്ങളിലും മറ്റ് തീവ്രപരിചരണ വിഭാഗങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണം. വീമ്പു പറച്ചിലുകള്‍ക്കപ്പുറം സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക കടമ.
തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സി.പി.എം വസ്തുതകള്‍ മറച്ചുവെക്കുന്നുവെന്ന സി.പി.ഐയുടെ വിലയിരുത്തല്‍ തിരഞ്ഞെടുപ്പ് പരാജയ ത്തെത്തുടര്‍ന്ന് ഇടതുമുന്നണിയുടെ അലകുംപിടിയും തകര്‍ന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ്. അന്ധര്‍ ആനയെ വര്‍ണിച്ചതുപോലെ മുന്നണിയിലെ ഓരോ കക്ഷിയും ഓരോ രീതിയില്‍ പരാജയത്തെ വിലയിരുത്തുമ്പോള്‍, അത് വ്യക്തമാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമല്ല ആ സംവിധാനത്തിന് ക്ഷതമേല്പ്പിച്ചത് എന്നതാണ്. ഏകാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനുമെതിരെ ഇടതുമുന്നണിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന എതിര്‍പ്പ് എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്ന് ഓരോകക്ഷികളും തങ്ങളുടേതായ വിലയിരുത്തലുകളിലൂടെ തുറന്നുപറയുകയാണ്. ആര്.ജെ.ഡി ഉള്‍പ്പെടെയുള്ള ഇതരകക്ഷികളും സമാനമായ രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് പങ്കുവെച്ചത്. നേതൃത്വം പുറത്തുപറയാന്‍ ധൈര്യംകാണിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും സി.പി.എമ്മിനെയുമെല്ലാം തൊരിയുലിക്കുന്ന ചര്‍ച്ചകളാണ് ഘടകകക്ഷികള്‍ക്കുള്ളില്‍ നടന്നിട്ടുള്ളത് എന്നത് നഗ്നമായ യാഥാര്‍ത്ഥ്യമാണ്. ശബരിമല സ്വര്‍ണക്കൊള്ള തോല്‍വിക്ക് കാരണമായെന്നും ഇതില്‍ കൃത്യമായ വിലയിരുത്തല്‍ വേണമെന്നുമാണ് സി.പി.ഐ എക്സിക്യൂട്ടിവ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ഭരണ വിരുദ്ധ വികാരം പ്രകടമായെന്നും പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും അവര്‍ വിലയിരുത്തുന്നു. മൂന്നാം ഭരണത്തിനായി കാലതാമസം ഇല്ലാതെ രംഗത്തിറങ്ങണം, വിവധ ജനവിഭാഗങ്ങള്‍ എല്‍.ഡി.എഫില്‍ നിന്ന് അകന്നതിന്റെ കാരണം കണ്ടെത്തണം, തിരുത്തല്‍ വരുത്താന്‍ എല്‍.ഡി.എഫിന് കഴിയണം, ജനങ്ങള്‍ തന്നെയാണ് വലിയവര്‍ എന്ന തിരിച്ചറിവുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്ന പാര്‍ട്ടി, യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായെന്ന് തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. സി.പി.ഐ ചതിയന്‍ ചന്തുവാണെന്നും പത്തുവര്‍ഷം എല്ലാം നേടിയിട്ട് സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനും മറയില്ലാതെ മറുപടി നല്‍കാനും പാര്‍ട്ടി സെക്രട്ടറി തയാറായിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ താന്‍ കാറില്‍ കയറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നു കൂടിപ്പറഞ്ഞുവെച്ചിരിക്കുന്നു.
സി.പി.ഐയുടെ വിലയിരുത്തലുകളിലെ ഓരോ വാചകങ്ങളും സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യംവെച്ചുള്ളതാണെന്നത് പ്രത്യേകിച്ച് ആര്‍ക്കും കൊടുക്കേണ്ടതില്ല. ഓരോവാക്കും തങ്ങളുടെ ഹൃദയത്തില്‍ തറക്കാന്‍ പര്യാപ്തമാണെന്നത് പിണറായി വിജയന്റെ മറുപടിയില്‍ നിന്ന് തന്നെ വ്യക്തമാണ്. അതേ സമയം എം.വി ഗോവിന്ദന്റെ മറുപടി വ്യക്തമാക്കുന്നത് അങ്ങാടിപ്പാട്ട് ഇനിയും അരമന രഹസ്യമാക്കിവെക്കുന്നതില്‍ അര്‍ത്ഥമില്ലെന്നതു തന്നെയാണ്. സംസ്ഥാന ഭരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഫലംപുറത്തുവന്നതിന് പിന്നാലെയുള്ള പിണറായിയുടെയും പാര്‍ട്ടിയുടെയും ഒരേ സ്വരത്തിലുള്ള അഭിപ്രായ പ്രകടനം. എന്നാല്‍ പിണറായി ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെ ട്ടുവെന്ന് എം.വി ഗോവിന്ദന് നിലപാട് മാറ്റിയിരിക്കുകയാണ്. ജയിലിലകപ്പെട്ടിട്ടും പത്മകുമാറിനെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ ന്യായീകരിക്കുകയുമായിരുന്നു സി.പി.എമ്മെങ്കില്‍ അക്കാര്യത്തില്‍ മുന്നണിക്കുള്ളിലെ കടുത്ത അതൃപ്തിയാണ് സി.പി.ഐ ഇപ്പോള്‍ പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ച് ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സി.പി.എം രാഹുല്‍ മാങ്കുട്ടത്തില്‍ വിഷയം ഉയര്‍ത്തിക്കൊ ണ്ടുവന്നതിലുള്ള അതൃപ്തിയും സി.പി.ഐയുടെ താരതമ്യത്തില്‍ പ്രകടമാണ്. മൂന്നാം ഭരണത്തെക്കുറിച്ച് മലര് പൊടിക്കാരന്റെ സ്വപ്നംകണക്കെ പിണറായിയും കൂട്ടരും ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭരണത്തുടര്‍ച്ചക്ക് കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ തന്നെ വേണ്ടിവരുമെന്നുള്ള വിലയിരുത്തല്‍, സി.പി.എം വിചാരിക്കന്നതുപോലെയോ തീരുമാനിക്കുന്നതുപോലെയോ അല്ല കാര്യങ്ങള്‍ എന്ന സി.പി.ഐയുടെ ഓര്‍മപ്പെടുത്തലാണ്. തിരുത്തലിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലിലൂടെ, സി.പി.എം മറക്കാന്‍ ശ്രമിക്കുന്ന പി.എം ശ്രീ വീണ്ടും വീണ്ടും അവരെ ഉണര്‍ത്തി കൊണ്ടിരിക്കുകയാണ് ബിനോയിയും കൂട്ടരും. ജനങ്ങള്‍ തന്നെയാണ് വലിയവര്‍ എന്നത് സി.പി.ഐ യുടെ കുറ്റസമ്മതം എന്നതിലുപരി പിണറായി വിജയനുള്ള പരോക്ഷമായ ഉപദേശമാണ്. വിദ്വേഷപ്രകടനങ്ങള് മുഖമുദ്രയാക്കിയ വെള്ളാപ്പള്ളിയെ ഈ സാഹചര്യത്തില്‍പോലും തള്ളിപ്പറയാന്‍ തയാറാകാത്ത പിണറായി വിജയനുള്ള നേര്‍ക്കു നേരെയുള്ള മുന്നറിയിപ്പാണ് നടേശനെതിരെയുള്ള സി.പി.ഐയുടെ കടുത്ത പ്രയോഗങ്ങള്‍.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് മുന്‍ തലവന്‍ പി.എസ് പ്രശാന്തും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ എന്‍. വിജയകുമാറും അകത്തായിരിക്കുന്നു. മന്ത്രിയായിരുന്ന കടകംപള്ളി അറിയാതെ ഒന്നും നടക്കില്ല എന്ന ശക്തമായ വാദമാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശക്തമായി തുടക്കം മുതല്‍ ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ അതാണ് സത്യമാവുന്നത്. എം. പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019 ല്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു വിജയകുമാര്‍. സ്വര്‍ണക്കൊള്ളയിലെ ഗൂഡാലോചനയില്‍ പത്മകുമാറിനൊപ്പം വിജ യകുമാറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിര്‍ദേശപ്രകാരം കീഴടങ്ങുകയായിരുന്നുവെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നുമാണ് വിജയകുമാറിന്റെ അവകാശവാദം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിജയകുമാറിലേക്കും മറ്റൊരു അംഗമായ കെ.പി ശങ്കര്‍ദാസിലേക്കും അന്വേഷണം എത്തിയില്ലെന്നതില്‍ എസ്.ഐ.ടിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയകുമാറിനോടും ശങ്കര്‍ദാസിനോടും എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റിന് സാധ്യത ശക്തമായതോടെയാണ് വിജയകുമാര്‍ എസ്.ഐ.ടിക്ക് മുന്നിലെത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നിങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കടകംപള്ളിയെ ചോദ്യം ചെയ്തതും വിജയകുമാര്‍ അറസ്റ്റിലായതും. അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ ഉദ്വേഗജനകമായ നീക്കങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ണകൊള്ളക്കു പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്കിയ ഡി. മണിയെ ചൊല്ലിയുള്ള വിവാദം തിരാതെ തുടരുകയാണ്. കഴിഞ്ഞദിവസം കണ്ടെത്തിയ എം.എസ് മണി തന്നെയാണ് പ്രവാസിമൊഴി നല്കിയ ഡി. മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്.ഐ.ടി. എന്നാല്‍ താനല്ല ഡി. മണിയെന്നും താന്‍ എം.എസ് മണിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. എന്തിനാണ് വേട്ടയാടുന്നതെന്ന് വികാരാധിനനായാണ് മണി ചോദിക്കുന്നത്. പ്രവാസി വ്യവസായി നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുന്നതും ഇതിനിടയിലാണ്. ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികള്‍ വിറ്റുവെന്നും അതിന് പിന്നില്‍ ഉണ്ണികൃഷ്ണന് പോ റ്റിയും ഡി മണിയുമാണെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നല്കിയ മൊഴിയില്‍ പറയുന്നു. എസ്.ഐ.ടി ചോദ്യം ചെ യ്തയാള്‍ തന്നെയാണ് ഡി മണിയെന്ന് വ്യക്തമാക്കുന്ന വ്യവസായി, ഡി മണിയും പോറ്റിയും തമ്മില്‍ സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നുവെന്നും ഉറപ്പിച്ചു പറയുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന അന്വേഷണമായിട്ടുപോലും ഭരണ സ്വാധീനമുപയോഗിച്ച് പരമാവധി വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാറും സി.പി.എമ്മിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇപ്പോള്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പും വെപ്രാളവും വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ് ദേവസ്വംബോര്‍ഡിന്റെ മുന്‍പ്രസിഡന്റുമാരായ എ. വാസുവും എം. പത്മകുമാറും അറസ്റ്റിലായ ഘട്ടത്തില്‍ തന്നെ മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണങ്ങളുടെ മുന നിണ്ടിരുന്നതാണ്. ഇരുവരും ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന കാലത്ത് ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റും ഉടനുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും പിന്നിട് അന്വേഷണം മെല്ലെപ്പോക്കിലേക്ക് മാറുകയായിരുന്നു. ദൈവംപോലൊരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് തിരുത്തി എഴുതിയെന്ന പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ മു ഖ്യമന്ത്രി പിണറായി വിജയനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പര്യാപ്തമായിരുന്നു. കടകംപള്ളിയും പ്രശാന്തും ചോദ്യം ചെയ്യപ്പെട്ടതോടെ ഇനി സി.പി.എം കാപ്സ്യൂള്‍ എന്തായിരിക്കും..
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
kerala1 day agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
india24 hours ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
gulf10 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala1 day agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
