editorial

അട്ടിമറിക്കപ്പെടുന്ന എസ്.ഐ.ടി അന്വേഷണം

By sreenitha

January 03, 2026

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന എ സ്.ഐ.ടി അന്വേഷണം അട്ടിമറിക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. അന്വേഷണ ഫലമായി പാര്‍ട്ടി നേതാക്കളും സര്‍ക്കാറിലെ പ്രമുഖരും അഴിയെണ്ണിക്കൊണ്ടിരിക്കുമ്പോള്‍, അവസാന ഘട്ടത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന ഭയപ്പാടാണ് അന്വേഷണം സുഖമമായി മുന്നോട്ടുപോകുന്നതിന് മുന്നില്‍ വിലങ്ങുതടിയായി നിലയുറപ്പിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ തന്നെയുണ്ടായിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയും, ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നാരംഭിച്ച് ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ചെയര്‍മാന്‍മാരുടെയുമൊക്കെ ചോദ്യംചെയ്യലും അറസ്റ്റുമെല്ലാം താമസംവിനാ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റുമാരായ എ. വാ സുവും എം. പത്മകുമാറും അറസ്റ്റിലായതോടെ സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും നെഞ്ചിടിപ്പ് വര്‍ധിക്കുന്നതാണ് പിന്നീട് കാണാനായത്. പത്മകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിശേഷിച്ചും. ദൈവംപോലൊരാളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് തിരുത്തിയതെന്ന അദ്ദേഹത്തിന്റെ മൊഴി സാക്ഷാല്‍ പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന വിലയിരുത്തല്‍ വ്യാപകമായി നടക്കുകയുണ്ടായി.

ഇതിനുശേഷമാണ് അന്വഷണം ഒച്ചിന്റെ വേഗതയിലേക്ക് മാറിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയുള്ളപ്പോള്‍ കേസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീങ്ങുന്നതും സംശയത്തിന്റെ നിയലില്‍ നില്‍ക്കുന്ന മുന്‍മന്ത്രി ഉള്‍പ്പെടെ ചോദ്യംചെയ്യലിന് വിധേയമാക്കപ്പെടുന്നതുമെല്ലാം സര്‍ക്കാറിനും പാര്‍ട്ടിക്കും ഓര്‍ക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളായിരുന്നു. അന്വേഷണം ഇഴയുന്നുണ്ടെന്ന് കൃത്യമായി ബോധ്യപ്പെട്ട കോടതി, ഒരു ഘട്ടത്തില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്യുകയുണ്ടായി. എന്നാലിപ്പോള്‍ അന്വേഷണം തടസപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ള വഴിവിട്ട ശ്രമങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് എസ്.ഐ.ടി എത്തിച്ചേരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടുവെന്നുമാത്രമല്ല, പ്രതിപക്ഷത്തെ കേസിന്റെ ഭാഗമാക്കാനുള്ള ഗൂഢശ്രമങ്ങളും നടത്തിക്കൊണ്ടരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സി.പി.എം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സി.ഐമാരെകൂടി അന്വേഷണ സംഘത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിനുള്ള ന്യായം. എന്നാല്‍ ഈ പേരുകള്‍ വന്നതിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സി.പി.എമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയി രിക്കുകയാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചിരിക്കുന്നു.

മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എസ്.ഐ.ടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അവരുടെ ഇടപെടലും എസ്.ഐ.ടിയെ നിര്‍വീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ഈ നീക്കത്തിന് പിന്നിലുണ്ട്. എസ്.ഐ.ടിയുടെ നീക്കങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ പേരില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യംചെയ്യലിന് വിധേയമാക്കാനുള്ള നീക്കവും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്‍ ഒളിപ്പിച്ചുവെച്ചതുമെല്ലാം ഈ ഉദ്യോഗസ്ഥ സംഘത്തിന്റെ ഗൂഢ നീക്കങ്ങളുടെ ഭാഗമായിതന്നെയാണെന്നത് സുവ്യക്തമാണ്. ഏതായാലും ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമം നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായിക്കണ്ട് നടപടി സ്വീകരിക്കാന്‍ നിയമപീഠത്തിന്റെ ഭാഗത്തുനിന്നുതന്നെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള സര്‍ക്കാറിന്റെ രാഷ്ട്രീയ നീക്കങ്ങളെ തടുത്തു നിര്‍ത്താന്‍ കഴിയാത്തപക്ഷം ശബരിമല സ്വര്‍ണമോഷണക്കേസ് അട്ടിമറിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.