കൊച്ചി: കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ ദേശീയപാത 66ന്റെ ആറുവരി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ വൈകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. പുതുക്കിയ സമയക്രമം പ്രകാരം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മിക്ക റീച്ചുകളിലെയും നിര്‍മാണം പൂര്‍ത്തിയാകില്ല. അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും പ്രധാന ജോലികള്‍ അവസാനിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
ഭൗതിക സാഹചര്യങ്ങള്‍, നേരിട്ട കാലതാമസങ്ങള്‍, നിര്‍മാണ നിലവാരം, പൊതുസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പൂര്‍ത്തീകരണ തീയതികള്‍ പുതുക്കിയത്. നിര്‍മാണ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കിയതും സമയതാമസത്തിന് കാരണമായി.
കേരളത്തില്‍ ദേശീയപാത 66ന്റെ 16 റീച്ചുകളിലായി 422.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നതെന്ന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ മന്ത്രാലയം അറിയിച്ചു. ദുര്‍ബലമായ ഭാഗങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിഹാര നടപടികള്‍ നടപ്പാക്കി വരികയാണെന്നും എംപി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
ഡിസംബര്‍ ആദ്യം കൊല്ലം ചാത്തന്നൂരിലെ മൈലക്കാടിനടുത്ത് ഹൈവേയും സര്‍വീസ് റോഡും ഇടിഞ്ഞിരുന്നു. ഇതിന് മുന്‍പ് മെയ് 19ന് മലപ്പുറം കൂരിയാടും റോഡ് ഇടിഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീഴ്ച വരുത്തിയ കരാറുകാര്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കുമെതിരെ ശിക്ഷാനടപടികള്‍ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ദുര്‍ബല പ്രദേശങ്ങളില്‍ സാങ്കേതികവും സുരക്ഷാ ഓഡിറ്റുകളും പുരോഗമിക്കുകയാണ്.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം വടക്കന്‍, മധ്യ കേരളത്തിലെ ചില റീച്ചുകള്‍ 2026 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങളില്‍ 2026 ഓഗസ്റ്റ് വരെ സമയപരിധി നീട്ടിയിട്ടുണ്ട്. മണ്ണിന്റെ ദുര്‍ബല ഘടനയും കായല്‍ പ്രദേശങ്ങളും പല റീച്ചുകളിലും നിര്‍മാണത്തെ ബാധിക്കുന്നതായും ഇവ മറികടക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
പുതുക്കിയ സമയപരിധികള്‍ കൃത്യമായി പാലിക്കപ്പെടുന്ന പക്ഷം 2026 മധ്യത്തോടെ കേരളത്തില്‍ ആറുവരി ദേശീയപാത കണക്റ്റിവിറ്റിയുടെ വലിയൊരു ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.