kerala

മഞ്ചേരിയിൽ കണ്ടെത്തിയ അസ്ഥികൂടം തമിഴ്‌നാട് സ്വദേശിയുടേതെന്ന് സംശയം

By webdesk14

October 30, 2025

മഞ്ചേരി: ചെരണിയിൽ കെട്ടിടത്തിന്റെ ടെറസ്സിന് മുകളിൽ രണ്ടാഴ്ച മുൻപ് കണ്ടെത്തിയ അസ്ഥികൂടം തമിഴ്‌നാട് സ്വദേശിയുടേതെന്ന് സംശയം. അസ്ഥികൂടം കണ്ടെത്തിയ കെട്ടിടത്തിനു താഴേ നിലയിൽ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളിൽ നിന്നാണ് പോലീസിന് ഇത്തരത്തിലുള്ള വിവരം ലഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ തമിഴ്‌നാട്ടുകാരനായ ഒരു തൊഴിലാളിയെ ഇവിടെ കാണാതായെന്നാണ് വിവരം. ഇതേത്തുടർന്ന് കാണാതായ ആളുടെ ഭാര്യയെ പോലീസ് ചോദ്യംചെയ്തു.

ഓഗസ്റ്റ് 23-നാണ് ഭർത്താവ് അവസാനമായി തനിക്ക് ഫോൺ ചെയ്തതെന്നും പിന്നീട് ഒരു വിവരവും ഇല്ലെന്നുമാണ് ഇവർ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കാണാതായ ആളുടെ കുടുംബാംഗങ്ങളെ മഞ്ചേരിയിലെത്തിച്ച് ഡിഎൻഎ ശേഖരിച്ചു. കണ്ടെത്തിയ അസ്ഥികളുടെ പോസ്റ്റുമോർട്ടം നടപടികൾ ബുധനാഴ്ച മഞ്ചേരി മെഡിക്കൽകോളേജിൽ പൂർത്തിയാക്കി.

അസ്ഥികൂടത്തിൽ നിന്ന് ശേഖരിച്ച ഡിഎൻഎയും കണാതായ ആളുടെ ബന്ധുക്കളുടെ ഡിഎൻഎയും ഒത്തു വന്നാൽ മാത്രമേ മരിച്ചത് തമിഴ്‌നാട് സ്വദേശിയാണെന്ന് സ്ഥിരീകരിക്കാനാകൂ.

അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മരണ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ഇതിനായി അന്വേഷണ സംഘം വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്റെ മൊഴിയെടുക്കും. ഫൊറൻസിക് സർജന്മാരുടെ നേതൃത്വത്തിൽ ഇടുപ്പെല്ലിൽ നടത്തിയ പരിശോധനയിൽ അസ്ഥികൂടം പുരുഷന്റേതാണെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു.

മലർന്നു കിടക്കുന്ന രീതിയിലുള്ള അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ രണ്ട് ലുങ്കികളിൽ ഒന്ന് തമിഴ്‌നാട് സ്വദേശികൾ ധരിക്കുന്നതരത്തിലുള്ള രണ്ടറ്റവും തുന്നിയ ലുങ്കിയായിരുന്നു.