kerala

ലഹരിക്കെതിരെ ചെറിയ പെരുന്നാൾ ദിനത്തിൽ എസ്.കെ.എസ്.എസ്.എഫിന്റെ ബഹുജന പ്രതിജ്ഞ

By webdesk13

March 27, 2025

ലഹരിയെ തുരത്താം, ജീവിതം തിരുത്താം എന്ന മെസേജുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാള്‍ നിസ്‌കാര ശേഷം ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ നടക്കും.

ബ്രാഞ്ച്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, മദ്‌റസ, സുന്നി യുവജന സംഘം ഭാരവാഹികള്‍, സ്ദര്‍ മുഅല്ലിം നേതൃത്വം നല്‍കും. മഹല്ലിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് കൂടി ആഘോഷ ദിനത്തില്‍ ലഹരിയെന്ന മഹാ വിപത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവുകയും അതത് പ്രദേശങ്ങളില്‍ ബോധവത്ക്കരണവുമാണ് ഇതിലൂടെ സാധ്യമാകുന്നത്.

റമദാനിന് ശേഷം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം എത്തുന്ന തരത്തില്‍ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.

ജനകീയ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ 22ന് താമരശ്ശേരിയില്‍ വെച്ചാണ് നടന്നത്. ലഹരിക്കെതിരെ ജനകീയ ജാഗ്രത സമിതികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സംഘടന മുന്‍കയ്യെടുത്ത് ജനപ്രതിനിധികളേയും പൗരപ്രമുഖരേയും മറ്റും ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും.കുടുംബകം (കുടുംബ സംഗമം), ലഹരിക്ക് അടിമയായവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ക്യാമ്പുകള്‍, സഹവാസ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.

കൗമാരക്കാരായ വിദ്യാര്‍ഥികളുടെ പ്രത്യേക കേഡറ്റ് കാമ്പയിന്‍ കാലയളവില്‍ രൂപികരിക്കും. ഇബാദ് ഖാഫില, പോസ്റ്റര്‍ റീല്‍സ് നിര്‍മ്മാണ മത്സരങ്ങള്‍, ജില്ലാതല പാനല്‍ ടോക്, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ജനജാഗ്രത സദസ്സ് തുടങ്ങിയവ നടക്കും. ലഹരി മുക്ത സമൂഹത്തിന്റെ സാക്ഷാത്കാരത്തിനായി സംഘടന ആവിഷ്‌കരിച്ച പദ്ധതികളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കും.

ബഹുജന പ്രതിജ്ഞ വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവും അഭ്യര്‍ഥിച്ചു.