കൊച്ചി: കൊച്ചി നഗരത്തെ മൂടി പുകമഞ്ഞ്. വൈറ്റില, തൈക്കൂടം, ഏലൂര്‍, കളമശേരി എന്നിവിടങ്ങളടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. ഇതോടെ പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ന്നു.
പുകമഞ്ഞിന്റെ സാഹചര്യത്തില്‍ വലിയ ആശങ്ക വേണ്ടെന്നും, എന്നാല്‍ ചിലയിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം.ജി. മനോജ് അറിയിച്ചു.
ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളിലെ പോലെ ഗുരുതര അവസ്ഥ കൊച്ചിയിലില്ലെന്നും, ഇവിടെ ദൃശ്യമാകുന്നത് പുകമഞ്ഞിന്റെ പ്രാഥമിക ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ചൂട് കുറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
ചെന്നൈ തീരത്ത് രൂപപ്പെട്ട ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മേഘാവൃതമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത് മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേര്‍ന്നാല്‍ അത് ആരോഗ്യത്തിന് ദോഷകരമാകും. കൊച്ചിയിലെ വായു ഗുണനിലവാരം ക്രമാതീതമായി താഴുന്ന സാഹചര്യമാണ് നിലവിലുള്ളത്. വായു ഗുണനിലവാര സൂചിക 170ന് മുകളിലാണ്.
ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.മഞ്ഞില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പൊടിപടലങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കും.
കൊച്ചിയിലെ വ്യവസായ മേഖലകളില്‍ താമസിക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. കടല്‍ക്കാറ്റ് ലഭിക്കുന്ന സാഹചര്യത്തില്‍ വായു മലിനീകരണം കുറയാന്‍ സഹായിക്കുമെന്നും ഡോ. എം.ജി. മനോജ് അറിയിച്ചു.