ദില്ലി: എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദര്‍ മേരി കംസ് ടു മി ‘ എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കവര്‍ പേജില്‍ റോയി സിഗരറ്റ് വലിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് പുകവലി നിയമം ലംഘിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കവര്‍ ചിത്രത്തില്‍ പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണാനാവില്ലെന്നും പുസ്തകത്തില്‍ തന്നെ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ നേരത്തെ കേരള ഹൈക്കോടതിയും ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കവര്‍ പേജിലെ ചിത്രം കാരണം പുസ്തകത്തിന്റെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആദ്യം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹര്‍ജി തള്ളുകയായിരുന്നു. അനാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി പൊതുതാല്‍പര്യ ഹര്‍ജികളെ ദുരുപയോഗം ചെയ്യരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു.
പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ചിത്രം പ്രതീകാത്മകമായിട്ടാണ് ഉപയോഗിച്ചതെന്നും മുന്നറിയിപ്പ് പുറം ചട്ടയില്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. പക്ഷെ മുന്നറിയിപ്പ് നിയമപരമായ രീതിയില്‍ നല്‍കിയിട്ടില്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ എല്ലാ വാദങ്ങളും പരിഗണിച്ച ശേഷം സുപ്രീം കോടതി ഹര്‍ജി തള്ളുകയും പുസ്തകത്തിന്റെ വില്‍പ്പനക്ക് തടസ്സം ഒന്നുമില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.