മുംബൈ: രാജസ്ഥന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ ആരാധികയാണെന്ന് താനെന്ന് ഇന്ത്യന്‍ ദേശീയ വനിതാ ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദന. സഞ്ജു കളിക്കുന്നതിനാലാണ് താന്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണയ്ക്കുന്നതെന്നും മന്ദാന പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ദാന സഞ്ജുവിനോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്.

‘യുവതാരങ്ങള്‍ ബാറ്റ് ചെയ്യുന്നത് ഏറെ പ്രചോദനം നല്‍കുന്ന കാഴ്ചയാണ്. സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുന്നത് കണ്ട് ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ടീമില്‍ ഉള്ളതിനാലാണ് ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണയ്ക്കുന്നത്. അദ്ദേഹം ഗംഭീരമായാണ് ബാറ്റ് ചെയ്യുന്നത്. നെക്സ്റ്റ് ലെവല്‍ ബാറ്റിങാണ് അദ്ദേഹത്തിന്റേത്. നന്നായി ബാറ്റും ബൗളും ചെയ്യുന്ന എല്ലാവരില്‍ നിന്നും പഠിക്കാനുണ്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.’ – ഇന്ത്യ ടുഡേ സ്‌പോട്‌സ് കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ബോറിയ മജുംദാറുമായി സംസാരിക്കവെ അവര്‍ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു മികച്ച ഫോമിലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെയും വളരെ മികച്ച ബാറ്റിംഗ് കാഴ്ച വെച്ച താരം കൊല്‍ക്കത്തക്കെതിരെ മങ്ങിയിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ക്യാച്ചുമായി സഞ്ജു ഫീല്‍ഡില്‍ മിന്നിയിരുന്നു.