kerala

സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആത്മഹത്യ; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

By Akhila

February 10, 2026

കാസര്‍കോട്: സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ രേഷ്മയെ ഇന്നലെ ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വിവാഹമോചനത്തിന് ശേഷം രേഷ്മ ആണ്‍സുഹൃത്തിനോടൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രേഷ്മയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറായിരുന്നു രേഷ്മ. കാസര്‍കോട് ആദൂര്‍ ആലന്തടുക്കയിലെ ഗംഗാധരന്റെ മകളാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുണ്ടാകുമ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056