കോഴിക്കോട്‌: എം സ്വരാജ് എംഎല്‍എയും താനും ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി.വൈശാഖിനെ ആണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്.

അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന് ഐ.ടി.ആക്ട് 67 എ പ്രകാരമാണ് അറസ്റ്റ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മരട് എസ്.ഐ. ആന്റണി അറിയിച്ചു.

ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സ്ത്രീ എന്ന രീതിയില്‍ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഈ മാസം 25ന് പൊലീസിന് പരാതി നല്‍കിയത്. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ച പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ചേര്‍ത്തായിരുന്നു പരാതി