തിരൂര്‍: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഡ്മിനായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ പൊലീസ് കുട്ടിയുടെ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനു കൈമാറി.

വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സന്ദേശങ്ങള്‍ പ്രചരിച്ചതെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മലപ്പുറം കൂട്ടായി സ്വദേശിയായ ഗ്രൂപ്പ് അഡ്മിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. മറ്റു ചില വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ്.

കുട്ടിയെ അഡ്മിനാക്കി മാറ്റി യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പില്‍ രാജ്യത്തുടനീളം അംഗങ്ങളുണ്ട്.

നാല് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വോയ്‌സ് ഓഫ് യൂത്ത് എന്ന പേരില്‍ നിലവിലുണ്ട്. ഇതില്‍ നാലിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ പേരിലുള്ള ഒരു ഗ്രൂപ്പിന്റെ അഡ്മിനാണ് കൂട്ടായി സ്വദേശിയായ 15കാരന്‍. മറ്റൊരു അഡ്മിന്‍ വിദേശത്താണുള്ളത്.

സംസ്ഥാനത്താകെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന തരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നിലവില്‍ തിരുവനന്തപുരം, കിളിമാനൂര്‍ സ്വദേശികളായ അഞ്ചു പേരാണ് മഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ ആദ്യ വാട്‌സ്ആപ്പ് സന്ദേശം കിളിമാനൂര്‍ സ്വദേശിയാണ് പോസ്റ്റു ചെയ്തതെന്ന സംശയത്തിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം, അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തില്‍ ജഡ്ജിയെ വഴിയില്‍ തടയുകയും മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ചെറിയമുണ്ടം സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു.