അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ അടുത്ത അനുയായിയും ജര്‍മ്മന്‍ രാഷ്ട്രീയക്കാരനും ഭാഷാ പണ്ഡിതനും നാസി പാര്‍ട്ടി നേതാവും പില്‍ക്കാലത്ത് ഹിറ്റ്‌ലറിന് കീഴില്‍ അജണ്ടകള്‍ സെറ്റു ചെയ്യാനുള്ള മന്ത്രിയുമൊക്കെയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഉറപ്പായും പിണറായി മന്ത്രിസഭയില്‍ അംഗമായി കേരളത്തിലെ സി.പി.എമ്മിന്റെ നേതാവായി തുടരുമായിരുന്നു. കാരണം അത്രമേല്‍ വിദഗ്ധമായാണ് സി.പി.എമ്മും കിണറോലുവും മുണ്ടുടുത്ത മോദിയുമടങ്ങുന്ന സംഘം തിരഞ്ഞെടുപ്പിനായി അജണ്ടകള്‍ സെറ്റു ചെയ്യുന്നത്.
ആടിനെ പട്ടിയാക്കാനും പിന്നീട് അതിനെ പേപ്പട്ടിയാക്കാനും പാകത്തില്‍ പണം കാണിച്ചാല്‍ പ്ലാവില കണ്ട ആടിനെ പോലെ അതിനു പിന്നാലെ ഓടാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാവുന്നുണ്ടെന്നതാണ് ഇവരുടെ ഈ അജണ്ടകള്‍ വ്യാപിപ്പിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം കെ. സുധാകരനെ ബി.ജെ.പിയാക്കാനും സ്വതന്ത്രനാക്കാനുമായിരുന്നു മാധ്യമങ്ങള്‍ക്ക് സി.പി.എം നല്‍കിയ അജണ്ട. അതിനനുസരിച്ച് അവര്‍ 48 മണിക്കൂറാണ് ആടിത്തിമിര്‍ത്തത്. സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുന്നു, മത്സരിക്കുന്നില്ല, കെ.സി വേണുഗോപാലിനോട് പാര്‍ട്ടി വിട്ടതായി അറിയിക്കുന്നു, സുധാകരന്‍ കേരളത്തിലേക്ക് തിരിച്ചു, പൊട്ടിത്തെറി, ഭൂകമ്പം എന്തൊക്കെയായിരുന്നു. ഒടുവില്‍ കെ സുധാകരന്‍ തന്നെ താന്‍ മത്സരിക്കുന്നില്ലെന്നും യു.ഡി.എഫിനെ അധികാരത്തിലേറ്റാനായി ഏതറ്റം വരെയും പോകുമെന്നും പ്രഖ്യാപിക്കുന്നു.
ഉടനെ അടുത്ത അജണ്ട ഇറക്കി. പിണറായി മൂന്ന് മന്ത്രിസഭ വരില്ലെന്ന് സുധാകരന്‍ പറഞ്ഞില്ല. ഇങ്ങനെയൊക്കെ യു.ഡി.എഫിന് പിന്നാലെ ഓടാനായി വിധിക്കപ്പെട്ടവരാണ് കേരളത്തിലെ മിക്ക ചാനല്‍ മാധ്യമ പ്രവര്‍ത്തകരും മുതലാളിമാര്‍ ഈട്ടിയും തേക്കും അടിച്ചു മാറ്റിയ കള്ളന്‍മാരാവുമ്പോള്‍ കള്ളന് കഞ്ഞിവെച്ചവരുടെ കൂടെ ചേരുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ അതിലേറെ രസം വാള്‍മാര്‍ട്ട് പുട്ടി തോറ്റു പോകുന്ന വിധത്തില്‍ മുഖ്യനും സംഘത്തിനുമായി പുട്ടിയിട്ട് വെളുപ്പിക്കാനായി ഇതേ ചാനലുകള്‍ ഇറങ്ങുന്നതാണ്. അത്തരത്തിലൊരു വെളുപ്പിക്കലിനിടയില്‍ മുഖ്യന്‍ പഴയ മുഖ്യന്‍ തന്നെയായി. എത്ര പി.ആര്‍ പണിയെടുത്താലും മൂഷിക സ്ത്രീ ഒടുവില്‍ മൂഷിക സ്ത്രീ തന്നെയായെന്ന് പറഞ്ഞ പോലൊയായി കാര്യങ്ങള്‍.
പണ്ട് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി രൂപത ബിഷപ്പിനെ നികൃഷ്ട ജീവി എന്നുമൊക്കെ വിളിച്ച അതേ സാക്ഷാല്‍ വ്യക്തി തന്നെ ഇന്നലെ വരെ കൂടെയുണ്ടായിരുന്ന മുന്‍ മന്ത്രി ജി സുധാകരനെയും വിളിച്ചിരിക്കുന്നു. ഇത്തവണ പുതിയൊരു തെറിയാണെന്ന് മാത്രം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ പിന്നെ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പദം വര്‍ഗ വഞ്ചകന്‍ എന്നതാണ്. ഞാനും സുഭദ്രാമ്മയും അഫന്‍ തമ്പ്രാനും എന്ന രീതിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയുണ്ടാക്കിയപ്പോള്‍ തലക്കകത്ത് ആള്‍താമസമുള്ള സി.പി.എമ്മുകാരൊക്കെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് സ്വന്തം വഴിക്ക് നീങ്ങുകയാണ.് ഇതിന്റെ ചൊരുക്കാണ് വര്‍ഗ വഞ്ചകരാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പിന്നില്‍. അത്തരത്തില്‍ മുന്‍മന്ത്രി ജി സുധാകരനെ മുഖ്യന്‍ വിശേഷിപ്പിച്ചിരിക്കുന്നത് ചെറ്റത്തരമെന്നാണ്.
താന്‍ ഫുള്‍ടൈം പാര്‍ട്ടിക്ക് വിധേയനാണെന്നും എല്ലാ കാലത്തും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്നുമാണ് മുഖ്യന്‍ പറയുന്നത്. പാര്‍ട്ടി തന്നെ പിണറായി ആയി മാറിയ കാലത്ത് ആര്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നതാണ് പാര്‍്ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. പാര്‍ട്ടി എടുക്കുന്ന നിലപാടാണ് പ്രധാനമെന്നാണ് മുഖ്യന്‍ പറയുന്നത്. പാര്‍ട്ടി വിടുന്നവര്‍ പറയുന്നതും ഇത് തന്നെ. പാര്‍ട്ടി സെക്രട്ടറിയുടെ ടേം കഴിഞ്ഞാല്‍ ഭാര്യ, മുഖ്യന് പ്രായവും അനാരോഗ്യവും ഒന്നും പ്രശ്‌നമല്ല മത്സരിക്കലോട് മത്സരിക്കല്‍ തന്നെ അപ്പോള്‍ സ്വാഭാവികമായും പാര്‍ട്ടി എടുക്കുന്ന ഈ നിലപാട് ചോദ്യം ചെയ്യുക എന്നത് തികച്ചും സ്വാഭാവികം മാത്രം. തള്ളലില്‍ പണ്ടേ മാസ്റ്ററായ പിണറായിയുടെ തിരഞ്ഞെടുത്ത തള്ളുകളിലൊന്നാണ് ഈയിടെ പുറത്ത് വന്നത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വിശ്വാസികള്‍ തൃപ്തരാണ് പോലും.
ഏത് വിശ്വാസികള്‍ എന്നൊന്നും ചോദിക്കരുത്. ഭക്തിപ്രസ്ഥാനം എന്നൊന്ന് സി.പി.എമ്മില്‍ ഉടലെടുത്തതിനാല്‍ പിണറായി ഭക്തി മൂത്ത വിശ്വാസികളാവും ഇത്തരത്തില്‍ തൃപ്തിയണയുന്നത്. മറ്റൊന്ന് കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്ന ആരോപണമാണ്. എ ടീമായി പിണറായിയും സര്‍ക്കാറും ഉള്ളപ്പോള്‍ പിന്നെന്തിന് ബി.ജെ.പി എന്നൊരു പാര്‍ട്ടി എന്നു പോലും കേരളം കഴിഞ്ഞ 10 വര്‍ഷമായി ചിന്തിക്കുമ്പോഴാണ് ഇത്തരത്തില്‍ കോമഡി പറയാനൊക്കെ മുഖ്യന്‍ ശ്രമിക്കുന്നത്. തനിക്ക് കോമഡിയും വഴങ്ങും എന്ന് മറ്റുള്ളവരെ കാണിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വലിയ തോതില്‍ തനിക്കും സര്‍ക്കാറിനും പി.ആര്‍ ഇല്ലെന്നാണ് മുഖ്യന്‍ പറയുന്നത്. വലിയ തോത് എന്നതിന്റെ അളവു കോല്‍ എന്താണോ എന്തോ. പീഡനം അളക്കുന്ന മാപിനി വരെ ഉള്ള പാര്‍ട്ടിയായതിനാല്‍ ഇനി പി.ആര്‍ തോത് മാപിനിയും ചിലപ്പോള്‍ പാര്‍ട്ടി കൈവശം കാണും. അമ്പേ ഭക്തിമൂത്ത് ഓ.. മ്പ്രാ എന്ന് ഓച്ഛാനിച്ച് നില്‍ക്കുന്ന മാധ്യമങ്ങളൊന്നും തന്നെ ചെറ്റത്തരം എന്ന് ഒരു മുന്‍മന്ത്രിയെ വിശേഷിപ്പിച്ചതിനെ ചോദ്യം ചെയ്യാന്‍ തയ്യാറാവില്ല. കാരണം രായാവ് കോപിച്ചാല്‍ തുട്ട് കിട്ടില്ലല്ലോ അപ്പോള്‍ സ്വാഭാവികമായും മുതലാളിമാര്‍ ഈ പ്രൊപ്പഗണ്ട ഏറ്റ് പിടിക്കും. എന്ത് ഉഡായിപ്പും വെളുപ്പിച്ചെടുക്കും നമുക്കും കിട്ടണം പണം ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിലാസം മാധ്യമങ്ങളുടെ ആപ്തവാക്യം.