തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി 16 വയസ്സുള്ള മകന്‍ പ്രവര്‍ത്തിച്ചതിന് സിപിഎം ബാങ്ക് അമ്മയെ പിരിച്ചുവിട്ടു. സിപിഎം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായ നിസ ഷിയാസിനാണ് (42) ജോലി നഷ്ടപ്പെട്ടത്.
തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡായ കീരികോടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ വിഷ്ണു കോട്ടപ്പുറത്തിനായി മകന്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നെന്നും സൗഹൃദത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചതിനാല്‍ തടഞ്ഞില്ലെന്നും നിസ പറയുന്നു.
എല്‍ഡിഎഫ് സ്വാധീന മേഖലയായ വാര്‍ഡില്‍ 319 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഷ്ണു വിജയിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. 11 വര്‍ഷം മുന്‍പ് നിസയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ജോലിക്ക് കയറിയതാണ്. 6 വര്‍ഷമായി നിസ ഇവിടെ ജോലി ചെയ്യുന്നു. 2 മാസം മുന്‍പാണ് ശമ്പളം 500 രൂപ കൂടി ഉയര്‍ത്തി 5000 രൂപയാക്കിയത്.
ശമ്പളവും പുതുവര്‍ഷ ബോണസായി 1000 രൂപയും കൂടി നല്‍കിയ ശേഷമാണു നിസയെ പിരിച്ചുവിട്ടത്. ബോണസായി നല്‍കിയ 1000 രൂപയും തിരികെക്കൊടുത്തശേഷമാണ് നിസ ജോലി വിട്ടിറങ്ങിയത്.