ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. മോദിയുടെ വാചകമടി രാജ്യത്ത് വിശക്കുന്നവരുടെ വയറു നിറക്കില്ലെന്ന് അവര്‍ പറഞ്ഞു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി വാഗ്മിയും മികച്ച നടനുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ജനങ്ങളുടെ വയറു നിറക്കില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. മോദിയുടെ പ്രസംഗങ്ങള്‍ ഒഴിഞ്ഞ വയറുകളെ നിറക്കാനാവുമെങ്കില്‍ താന്‍ സന്തോഷിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കര്‍ണാടകയില്‍ കര്‍ഷകര്‍ വരള്‍ച്ച മൂലം ദുരിതത്തിലാണ്. ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചക്കു അവസരം നല്‍കിയില്ല. അദ്ദേഹം കര്‍ഷകരെ മാത്രമല്ല കര്‍ണാടകയെ തന്നെ അപമാനിക്കുകയായിരുന്നുവെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

കര്‍ണാടകയുടെ വികസനത്തിനു വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. മുന്നോട്ടും അത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കും. പ്രധാനമന്ത്രി എവിടെ പോയാലും അദ്ദേഹം തെറ്റായ കാര്യങ്ങള്‍ സംസാരിക്കുകയും ചരിത്ര സത്യങ്ങളെ ഇല്ലാതാക്കുകയും ചെയ്യാറാണ് പതിവെന്നും സോണിയ ഗാന്ധി പറഞ്ഞു.