ചെന്നൈ: സൂരരൈ പൊട്രുവിന്റെ വിജയത്തില്‍ ഏറെ ആഹ്ലാദമെന്നും ബൊമ്മി എന്ന കഥാപാത്രം തന്റെ കരിയറിലെ തന്നെ വഴിത്തിരിവ് ആണെന്നും നടി അപര്‍ണ മുരളി. സൂപ്പര്‍ സ്റ്റാറുകള്‍ നായകരായി വരുമ്പോള്‍ നായിക കഥാപാത്രങ്ങള്‍ക്ക് വേണ്ടത്ര സ്വാധീനമുണ്ടാകാറില്ല. എന്നാല്‍ ചിത്രം അങ്ങനെയല്ലെന്നും നടി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സൂരരൈ പൊട്രു എന്റെ കരിയറില്‍ വലിയ കാര്യമാണ്. സൂര്യയെ പോലെ കഴിവുള്ള ഒരു നടന്‍ത, സുധ കൊങ്കര പ്രസാദിനെപ്പോലുള്ള ഒരു സംവിധായിക. ഇതിന്റെ ഫലം വിസ്മയാവഹമായിരുന്നു. ബൊമ്മിക്ക് നല്ല പ്രാധാന്യം കിട്ടി. അതെനിക്ക് സ്‌പെഷ്യലാണ്. ഒരു സ്വപ്‌ന സംഘത്തോടൊപ്പമാണ് ജോലി ചെയ്തത്’ – അവര്‍ പറഞ്ഞു.

സൂരരൈ പൊട്രുവിന്റെ ഭാഗമാകുക എന്നത് തന്റെ സ്വപ്‌നങ്ങളുടെ അടുത്തു പോലുമുണ്ടായിരുന്നില്ല എന്ന് അപര്‍ണ പറയുന്നു. മധുരൈ ചുവയില്‍ സംസാരിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ആദ്യത്തെ ഓഡീഷനില്‍ താന്‍ സംതൃപ്തയായിരുന്നില്ല. അവര്‍ തനിക്ക് ഒരു അവസരം കൂടി തന്നു. അങ്ങനെയാണ് ആ റോള്‍ കിട്ടിയത്- അവര്‍ വെളിപ്പെടുത്തി.

സൂര്യയോടൊപ്പമുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന്, ‘എന്റെ ഏതെങ്കിലും സീന്‍ സുധയെ സന്തോഷവതിയാക്കിയിട്ടുണ്ട് എങ്കില്‍ അത് സൂര്യ കാരണമാണ്. മറ്റു അഭിനേതാക്കളും അതില്‍ പങ്കുവഹിച്ചു. അദ്ദേഹം ഏറെ ആഹ്ലാദഭരിതനായ ഒരാളാണ്. നമുക്ക് ഇടം തരും. അതു കൊണ്ടാണ് ഒരുപാട് സീനുകളില്‍ എന്റെ വഴിക്ക് അഭിനയിക്കാനായത്. സഹഅഭിനേതാക്കള്‍ക്ക് അദ്ദേഹം നല്‍കുന്ന ആദരം വിസ്മയകരമാണ്’ എന്നായിരുന്നു മറുപടി.

എഴുത്തുകാരനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സൂരരൈ പൊട്രു ഒരുക്കിയത്. ബൊമ്മി എന്ന കഥാപാത്രമായി അപര്‍ണ ബാലമുരളിയുടെ അഭിനയം മികച്ചതായിരുന്നുവെന്ന് സിനിമ കണ്ട ജി ആര്‍ ഗോപിനാഥും പറഞ്ഞിരുന്നു.