ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെയും ആക്രമണങ്ങളുടെയും ഏറ്റവും വലിയ ഇരകള്‍ കുട്ടികളാണെന്നത് നഗ്‌ന യാഥാര്‍ത്ഥ്യമാണ്. ചരിത്രത്തിലെ ഓരോ യുദ്ധങ്ങളുടെയും കാഠിന്യവും തീക്ഷ്ണതയും ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുക അവ അനുഭവിച്ച കുട്ടികളില്‍ നിന്നാണ്. ഒരു പതിറ്റാണ്ട് മുമ്പെ 2015 സെപ്തംബറില്‍ തുര്‍ക്കി തീരത്ത് കരക്കടിഞ്ഞ അയ്‌ലാന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ ചിത്രം ലോകത്തിന്റെ ഇമവെട്ടങ്ങളില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുകയാണ്.
സിറിയയിലെ അതിക്രൂരമായ കൂട്ടക്കുരുതിയുടെയും ലോകഭൂപടത്തില്‍ ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതപര്‍വങ്ങളുടെ പ്രതീകമായിരുന്നു കടല്‍തീരത്ത് മുഖംമണലില്‍ പൂഴ്ത്തിക്കിടക്കുന്ന ഐലാന്‍. ഇന്നും പലായനത്തിന്റെയും അഭയാര്‍ത്ഥിത്വത്തിന്റെയും എല്ലാ കഥനങ്ങളും നിറഞ്ഞ അടയാളപ്പെടുത്തലാണ് ആ ചിത്രം. ചരിത്രത്തിന്റെ ദശാസന്ധികളിലെല്ലാം അധിനിവേശത്തിന്റെയും ആക്രമണങ്ങളുടെയും ബാക്കിപത്രങ്ങളായി ഇത്തരത്തില്‍ ധാരാളം കുഞ്ഞുങ്ങളുണ്ടായിട്ടുണ്ട്.
വിയറ്റ് നാം എയര്‍ഫോഴ്സ് നടത്തിയ നാപാം അറ്റാക്കില്‍ പൊള്ളലേറ്റ് വിവസ്ത്രയായി അട്ടഹസിച്ചുകൊണ്ട് റോഡിലുടെ ഓടിപ്പോകുന്ന ഒമ്പതുവയസുകാരിയുടെ കരളലിയിപ്പിക്കുന്ന ചിത്രത്തിലൂടെയാണ് വിയറ്റ്‌നാമില്‍ അരങ്ങേറിയ ക്രൂരതകള്‍ തിരിച്ചറിയപ്പെടുന്നതും ലോകത്തിന്റെ ഐക്യദാര്‍ഢ്യം രൂപപ്പെടുന്നതും. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി സൈനികര്‍ അഴിച്ചുവിട്ട ആക്രമണ ങ്ങളുടെയും പീഢനങ്ങളുടെയും നേരചിത്രമായിരുന്നു ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍.
കുടുംബത്തോടൊപ്പം ഒളിവില്‍ കഴിഞ്ഞുകൂടുന്നതിനിടെ വീടിന്റെ തട്ടിന്‍പു റത്ത് വെച്ച് എഴുതിക്കൂട്ടിയ ആ വരികളില്‍ ലോകമഹായുദ്ധം കുഞ്ഞുങ്ങള്‍ക്ക് എന്ത് സമ്മാനിച്ചുവെന്നതിന്റെ നഖചിത്രമായിരുന്നു. ഗസ്സ, സുഡാന്‍, യമന്‍, യുക്രെയിന്‍ എന്നിങ്ങനെ ലോകത്തെമ്പാടും അധിനിവേശവും വംശഹത്യയും യുദ്ധവും അരങ്ങേറുന്ന ഇടങ്ങളിലെല്ലാം കുഞ്ഞുങ്ങളനുഭവിക്കുന്ന ഭീതിതമായ സാഹചര്യത്തിന്റെ നിരവധി ചിത്രങ്ങള്‍ പുറംലോകമറിഞ്ഞിട്ടുണ്ട്.
ഗസ്സയില്‍ ഏറ്റവും ഒടുവില്‍ നടന്നിട്ടുള്ള ഇസ്രാഈല്‍ വംശഹത്യയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം കാല്‍ ലക്ഷത്തിനടുത്താണ്. താല്‍ക്കാലിക വെടിനിര്‍ത്തിലിനു ശേഷവും ഇസ്രാഈല്‍ കൊന്നൊടുക്കിയത് ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ്. നിലവിലെ സാഹചര്യത്തില്‍ ഇസ്രാഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഫലമായി ഏഴ് ലക്ഷത്തോളം കുട്ടികളാണ് മതിയായ ഭക്ഷണമോ, വെള്ളമോ, പാര്‍പ്പിട സൗകര്യമോ, പ്രാഥമിക ചികിത്സയോ പോലും കിട്ടാതെ നരകയാതന അനുഭവിക്കുന്നത്.
പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയിലും സാഹചര്യങ്ങള്‍ സമാനമാണ്. ഇറാനിലെ മിനാബിന്റെ മണ്ണ് കണ്ണീരില്‍ കുതിര്‍ന്നിരിക്കുകയാണ്; വിറയ്ക്കുന്ന കൈകളാല്‍, നെഞ്ചുപൊട്ടുന്ന വേദനയോടെ ഒരു രാജ്യം തങ്ങളുടെ ഭാവിയെ മണ്ണിലേക്ക് മടക്കി അയക്കുന്ന രംഗം കഴിഞ്ഞ ദിവസം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് നേരെ ഇസ്രാഈലും അമേരിക്കയും നടത്തിയ പൈശാചികമായ ആക്രമണത്തില്‍ പൊലിഞ്ഞു പോയത് 165 നിഷ്‌കളങ്ക ജീവനുകളാണ്.
കുഞ്ഞുടുപ്പുകളും പകുതിവഴിയില്‍ മുറിഞ്ഞുപോയ പാഠപുസ്തകങ്ങളും ബാക്കിവെച്ച് ആ മാലാഖമാര്‍ മടങ്ങുമ്പോള്‍, ഇറാന്‍ മാത്രമല്ല, മനസാക്ഷിമരവിച്ചുപോയിട്ടില്ലാത്ത മനുഷ്യരൊന്നടങ്കം കണ്ണീര്‍പൊഴിക്കുകയായിരുന്നു. കുഞ്ഞ് കളിചിരികള്‍ നിറഞ്ഞിരുന്ന ക്ലാസ്മുറി ശ്മശാന ഭൂമിയായി മാറിയത് നിമിഷങ്ങള്‍ക്കുള്ളിലാണ്. മരിച്ച കുട്ടികള്‍ക്കെ ല്ലാം 7 മുതല്‍ 12 വയസ്സ് വരെ മാത്രം പ്രായം. അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ തിരയുന്ന മാതാ പിതാക്കളുടെ ദൃശ്യം ഈ സംഘര്‍ഷ കാലത്ത് ലോകത്തെ ഏറ്റവും സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
ലോകനേതാക്കള്‍ പരസ്പരം കൊലവിളി നടത്തുമ്പോള്‍ നിലയ്ക്കാത്ത സൈറണുകള്‍ക്കിടയില്‍ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ് ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍. യുദ്ധം ആര് ജയിച്ചാലും തോറ്റ് പോകുന്നത് ഈ കുഞ്ഞു ങ്ങളാണ്. തോക്കുകളുടെയും മിസൈലുകളുടെയും ഘോരശബ്ദങ്ങള്‍ക്കിടയില്‍ നിശബ്ദമായിപ്പോകുന്നത് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. പക്ഷേ സയണിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയുമൊന്നും ക്രൂര ഹൃദയങ്ങള്‍ അപ്പോഴും അലിയുന്നില്ല എന്നതാണ് ഏറ്റവും നിരാശാജനകം.
കുഞ്ഞുങ്ങളെ കൊന്ന് കൈയ്യറപ്പുമാറിയ ഇസ്രാഈല്‍ സൈന്യം ഇറാനെതിരെയുള്ള ആക്രമണത്തിലും ലക്ഷ്യം വെക്കുന്നത് സ്‌കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങ ളെയുമാണ്. എതിര്‍പക്ഷത്തുനില്‍ക്കുന്നവരുടെ വരുംതലമുറയെയും നശിപ്പിച്ചുകളയുകയെന്ന അവരുടെ പ്രഖ്യാപിത നിലപാടാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍. കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരെയും കൊലപ്പെടുത്തി എതിരാളികളെ മാനസികമായി തകര്‍ത്തു കളയുകയെന്നതും അവരുടെ യുദ്ധതന്ത്രമാണ്.
അമേരിക്കയുടെ കണ്ണും കാതുമില്ലാത്ത ആക്രമണംകൂടി ഇതിനോട് ചേരുമ്പോള്‍ സാഹചര്യം പറഞ്ഞറിയിക്കാനാവാത്തത്രയും ഭീതിതമാണ്. കുഞ്ഞുങ്ങള്‍ ഈ രീതിയില്‍ കൊലചെയ്യപ്പെടുമ്പോഴും യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും പ്രകടിപ്പിക്കുന്ന പൊറുക്കാനാവാത്ത നിസംഗത ഇസ്രാഈലിനും അമേരിക്കക്കും കരുത്തുപ കരുകയാണ്. കുഞ്ഞുങ്ങളെല്ലാം ഒന്നാണെന്നും അവര്‍ എവിടെയാണെങ്കിലും ആക്രമിക്കപ്പെടരുതെന്നും പറയാന്‍ കഴിയാത്ത ഈ ലോകം എത്രക്രൂരമാണെന്നുമാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ.