Film

ഇഡിക്ക് മൊഴി നൽകി സൗബിൻ ഷാഹിർ; ‘പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല’

By webdesk14

July 09, 2024

മഞ്ഞുമ്മൽ ബോയ്സ് സിനിമ നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും ഇഡിക്ക്‌ മൊഴി നൽകി.

ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്.

പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.