തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ ദാരുണ മരണത്തിന് ഇന്നേക്ക് 15 വര്‍ഷം. കേരളത്തെ നടുക്കിയ ആ കൊടുംക്രൂരതയ്ക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, അമ്മ സുമതിക്ക് വേദന മായാതെ തുടരുകയാണ്.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു 22 വയസ്സുകാരിയായ സൗമ്യ. 2011 ഫെബ്രുവരി ഒന്നിന്, ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ ഓടുന്ന പാസഞ്ചര്‍ ട്രെയിനില്‍ ഷൊര്‍ണൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തൃശൂര്‍ വള്ളത്തോള്‍ നഗറിനടുത്ത് പ്രതിയായ ഗോവിന്ദച്ചാമിയുടെ ആക്രമണം ഉണ്ടായത്. പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ചാം ദിവസം സൗമ്യ മരിച്ചു.
കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഗോവിന്ദച്ചാമി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ കഴിഞ്ഞ ജൂലൈയില്‍ ജയില്‍ ചാടിയത് സുമതിയുടെ മനസില്‍ വീണ്ടും ആഴത്തിലുള്ള മുറിവുണര്‍ത്തി. പിന്നീട് പിടിയിലായെങ്കിലും, ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം എവിടെ എത്തി എന്നതാണ് അമ്മയുടെ ആശങ്ക.
ഇപ്പോള്‍ വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി. ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയ്ക്ക് സമീപത്തെ കവളപ്പാറയിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന സുമതിക്ക്, ട്രെയിന്‍ ശബ്ദം പോലും ഇന്നും നീറുന്ന ഓര്‍മ്മകളാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നീതി പൂര്‍ണ്ണമായെന്ന് തോന്നാത്ത വേദനയിലാണ് സൗമ്യയുടെ അമ്മ.