പ്രിട്ടോറിയ: ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്താന്‍ ദക്ഷിണാഫ്രിക്കയിലെ ഭരണ കക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ (എ.എന്‍.സി) പ്രമേയം. എ.എന്‍.സിയുടെ നാഷണല്‍ പോളിസി കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്. ഇസ്രാഈലിലെ ദക്ഷിണാഫ്രിക്കന്‍ എംബസിയുടെ നിലവാരം കുറക്കുന്നതടക്കമുള്ള പ്രതിഷേധ നടപടികള്‍ക്ക് അനുകൂലമായി എ.എന്‍.സി വോട്ടു ചെയ്തു.

അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ ഫലസ്തീന്‍ മണ്ണില്‍ തുടരുന്ന അനധികൃത നിര്‍മാണത്തിലും മനുഷ്യാവകാശ ലംഘനത്തിലുമുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ ഇസ്രാഈലിലെ ദക്ഷിണാഫ്രിക്കന്‍ എംബസിയെ തരംതാഴ്ത്തുക, നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്‍ പ്രസിഡണ്ട് ഒലിവര്‍ ടിംബോയുടെ പേരിലുള്ള പ്രമേയത്തില്‍ ഉന്നയിക്കപ്പെട്ടത്. 1967 മുതല്‍ 1991 വരെ എ.എന്‍.സി പ്രസിഡണ്ടായിരുന്ന ഒലിവര്‍ ടിംബോ ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ത്ത നേതാവായിരുന്നു.

എ.എന്‍.സിയിലെ പ്രമേയം ഇസ്രാഈലിന് ശക്തമായ താക്കീതാണെന്നും ഭൂരിപക്ഷം പേരും പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തത് ചരിത്രപരമാണെന്നും എ.എന്‍.സി വെസ്റ്റേണ്‍ കേപ് ഘടകം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

‘ഭരണ പാര്‍ട്ടി എന്ന നിലയില്‍ ഇസ്രാഈലിന്റെ വംശവെറിക്കെതിരെ എ.എന്‍.സി ഉയര്‍ത്തുന്ന ചരിത്രപരമായ നിലപാടാണിത്. വംശവെറിയന്മാരായ ഇസ്രാഈലിനും അതുപോലെയുള്ള മറ്റു രാഷ്ട്രങ്ങള്‍ക്കുമെതിരെ നടപടികളെടുക്കുന്നതിന് ആവശ്യപ്പെടുന്നവരെല്ലാം ഒലിവര്‍ ടിംബോയുടെ ചുവടുകളാണ് പിന്തുടരന്നത്. എ.എന്‍.സിയില്‍ സമ്മര്‍ദം ചെലുത്താന്‍ ഇസ്രാഈല്‍ ശ്രമം നടത്തില്ലെന്നൊന്നും ഞങ്ങള്‍ സ്വപ്‌നം കാണുന്നില്ല. പക്ഷേ, അടിച്ചമര്‍ത്തപ്പെട്ട ജനതക്കുള്ള ഐക്യദാര്‍ഢ്യവുമായി നമ്മള്‍ മുന്നോട്ടു പോകും. ഞങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ നില്‍ക്കാതെ ഫലസ്തീനുമായി സമാധാനം പാലിക്കാന്‍ ഇസ്രാഈലിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.’ – വെസ്റ്റേണ്‍ കേപ് പത്രക്കുറിപ്പില്‍ പറയുന്നു.

എ.എന്‍.സിയുടെ ചരിത്രപരമായ നിലപാടിനെ ദക്ഷിണാഫ്രിക്കയിലെ ഫലസ്തീന്‍ അംബാസഡര്‍ ഹാഷിം ദജാനി സ്വാഗതം ചെയ്തു. ഫലസ്തീനു മേലുള്ള ഇസ്രാഈലിന്റെ അതിക്രമം അവസാനിപ്പിക്കുന്നതിനായി സമ്മര്‍ദം ചെലുത്താന്‍ ഇത്തരം നിലപാടുകള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.