ചെന്നൈ: കോവിഡ് ചികിത്സയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന സമയം എസ് പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാര്‍ഥനയില്‍ തന്നോടൊപ്പം പങ്കുചേരണമെന്ന് എ ആര്‍ റഹ്മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കോവിഡില്‍ നിന്നും മുക്തനായിട്ടും 74 ാം വയസില്‍ അതുല്ല്യ ഗായകനെ മരണം പിടിച്ചെടുത്തതോടെ ദുഃഖം പങ്കുവെച്ച് സംഗീത സംവിധായകന്‍. സര്‍വ്വവും തകര്‍ന്നുപ്പോയി എന്നാണ് എ ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

നേരിയ കോവിഡ് ലക്ഷണങ്ങളോടെ ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അദ്ദേഹംതന്നെ വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു. ഇതിനിടെ സെപ്റ്റംബര്‍ എട്ടിന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നില്ല.

കോവിഡ് ചികിത്സയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാര്‍ഥിച്ച് എ ആര്‍ റഹ്മാന്‍, കെ എസ് ചിത്ര, കമല്‍ഹാസന്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതുല്യ ശബ്ദത്തിന് ഉടമയായ മഹാപ്രതിഭയ്ക്കു വേണ്ടി തന്നോടോപ്പം പ്രാര്‍ഥനയില്‍ പങ്കുചേരണമെന്ന് സംഗീതാരാധകരോട് എ ആര്‍ റഹ്മാന്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു. എസ്പിബി കരുത്തനും പോസിറ്റീവ് ചിന്താഗതിക്കാരനുമായ വ്യക്തിയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടെന്നും ചിത്ര പറയുന്നു.

വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. വിവരം അറിഞ്ഞ് നടന്‍ കമല്‍ ഹാസന്‍ എസ് പി ബിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ”അദ്ദേഹം നന്നായിരിക്കുന്നു എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു,” ആശുപത്രി വിട്ടിറിങ്ങിയ കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.

ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്റെ ആദ്യ ചിത്രം ‘റോജ’ മുതല്‍ എസ് പി ബിയുമായി അടുത്ത ബന്ധമുണ്ട്. ചിത്രയ്‌ക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലും വേദികളിലും എസ് പി ബി പാടിയിട്ടുണ്ട്.