kerala

വിനീത് ജീവനൊടുക്കിയത് ശരാീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് എസ്പി

By webdesk17

December 17, 2024

അരീക്കോട്ടെ സ്പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ വിനീത് സ്വയം വെടിവെച്ച് ജീവനൊടുക്കിയത് ശാരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് മലപ്പുറം പൊലീസ് മേധാവി ആര്‍ വിശ്വനാഥ്.

സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ വിനീത്(36) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തലയ്ക്ക് നിറയൊഴിച്ചായിരുന്നു മരണം. എന്നാല്‍ മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു.

നല്ല ശാരീരികക്ഷമത വേണ്ട സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്തിരുന്നതെന്നും ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്സുകള്‍ ഉണ്ടാകാറുണ്ടെന്നും എസ്പി പറഞ്ഞു. ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ടെന്നും അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടെന്നും എസ്പി വ്യക്തമാക്കി. ഇതിന്റെ മാനസിക വിഷമമാവാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നും എസ്പി പറഞ്ഞു.

എന്നാല്‍ അവധി നിഷേധിച്ചതാണ് മരണത്തിന് കാരണമായതെന്നതിന് തെളിവില്ലെന്നും എസ്പി പറഞ്ഞു. സംഭവം വിശദമായി അന്വേഷിക്കുന്നതിന് കൊണ്ടോട്ടി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.