News

ഇസ്രാഈല്‍ യോഗ്യത നേടിയാല്‍ ലോകകപ്പില്‍നിന്ന് പിന്‍മാറുമെന്ന് സ്പെയിന്‍

By webdesk17

September 18, 2025

മഡ്രിഡ്: 2026 ഫുട്ബാള്‍ ലോകകപ്പില്‍ ഇസ്രാഈല്‍ യോഗ്യത നേടുന്ന പക്ഷം സ്‌പെയിന്‍ ടീമിനെ അയക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കുമെന്ന സൂചന നല്‍കി സ്പാനിഷ് ഭരണകൂടം. അമേരിക്ക, കാനഡ, മെക്സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ജൂണിലാണ് നടക്കുന്നത്.

ഗസ്സയില്‍ നടക്കുന്ന വംശഹത്യയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സ്പാനിഷ് സര്‍ക്കാരിന്റെ നിലപാട്. ”ഇസ്രാഈലിനെ അന്താരാഷ്ട്ര കായികവേദികളില്‍നിന്ന് വിലക്കണം” എന്ന ആവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ തന്നെ മുന്നോട്ടുവന്നിരുന്നു. തുടര്‍ന്ന്, ലോകകപ്പില്‍ ടീമിനെ പങ്കെടുപ്പിക്കണമോയെന്ന് വീണ്ടും ആലോചിക്കുമെന്ന് സൂചന പുറത്തുവന്നു.

നിലവില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച നിലയില്‍ തുടരുന്ന സ്‌പെയിന്‍ കിരീട ഫേവറേറ്റുകളിലൊന്നാണ്. ഇസ്രാഈല്‍ ഇപ്പോള്‍ തന്റെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് വഴി യോഗ്യത നേടാനുള്ള സാധ്യത മുന്നിലുണ്ട്. ഇത്തരത്തില്‍ യോഗ്യത ലഭിച്ചാല്‍ ലോകകപ്പില്‍നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് വക്താവ് പാറ്റ്ക്സി ലോപ്പസ് ആവശ്യപ്പെട്ടു.

ഇസ്രാഈലിനെതിരെ ലോക കായിക വേദികളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഫിഫയും യുവേഫയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസ്സയില്‍ നടക്കുന്ന സംഭവങ്ങള്‍ വംശഹത്യ തന്നെയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രാഈല്‍ ഭരണകൂടം നേരിട്ട് ഉത്തരവാദികളാണെന്നും അവരുടെ പ്രസ്താവനകള്‍ തന്നെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.