News

ട്രംപിന്റെ സമാധാന ബോർഡിൽ ചേരില്ലെന്ന് സ്പെയിൻ

By sreenitha

January 24, 2026

മാഡ്രിഡ്: ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരംഭിച്ച ‘ബോർഡ് ഓഫ് പീസ്’ സമാധാന ബോർഡ് സംരംഭത്തിൽ ചേരില്ലെന്ന് സ്പെയിൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങളിൽ നിന്ന് വ്യതിചലിച്ചും ഫലസ്തീൻ അതോറിറ്റിയെ ഉൾപ്പെടുത്താതെയുമാണ് സമാധാന ബോർഡ് രൂപീകരിച്ചതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുരാഷ്ട്രവാദത്തിലും ഐക്യരാഷ്ട്രസഭാ സംവിധാനത്തിലുമുള്ള സ്പെയിന്റെ വിശ്വാസവുമായി ഈ സംരംഭം പൊരുത്തപ്പെടുന്നില്ലെന്നും സാഞ്ചസ് പറഞ്ഞു. “ക്ഷണം ഞങ്ങൾ അഭിനന്ദിക്കുന്നു, പക്ഷേ ഞങ്ങൾ നിരസിക്കുന്നു,” എന്നും ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിൽ നിന്ന് ഉയർന്നുവരുന്ന പ്രദേശങ്ങളിലെ പുനർനിർമാണം ഏകോപിപ്പിക്കാൻ സമാധാന ബോർഡ് സഹായിക്കുമെന്നാണ് യു.എസ് വാദം. എന്നാൽ ഇതിന് മുൻപേ യു.കെ, ഫ്രാൻസ്, നോർവേ, സ്ലോവേനിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ സമാധാന ബോർഡിൽ അംഗമാകാൻ വിസമ്മതിച്ചിരുന്നു.

ഇതിനിടെ, ബോർഡിലെ അംഗമാകാൻ കാനഡയ്ക്ക് അയച്ച ക്ഷണം ട്രംപ് സ്വമേധയാ പിൻവലിച്ചു. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി യു.എസ് നയങ്ങളെ വിമർശിച്ചതിന് പിന്നാലെയാണ് ക്ഷണം പിൻവലിച്ചത്. ശക്തരായ രാജ്യങ്ങൾ സാമ്പത്തിക ഏകീകരണം ആയുധങ്ങളായും തീരുവകൾ സ്വാധീനശക്തിയായും ഉപയോഗിക്കുന്നുവെന്നായിരുന്നു കാർണിയുടെ വിമർശനം. എന്നാൽ, കാനഡയിലേക്കുള്ള ക്ഷണം പിൻവലിച്ചതിന് ഔദ്യോഗിക വിശദീകരണം യു.എസ് നൽകിയിട്ടില്ല.

ആദ്യഘട്ടത്തിൽ സമാധാന സമിതിയിൽ ചേരുമെന്ന് കാനഡ സൂചന നൽകിയിരുന്നുവെങ്കിലും നിലവിൽ അർജന്റീന, അർമേനിയ, ബഹ്റൈൻ, അസർബൈജാൻ, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ജോർദാൻ, മംഗോളിയ, സൗദി അറേബ്യ, ഖത്തർ, തുർക്കി, യു.എ.ഇ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചിട്ടുള്ളത്.

ബോർഡ് ഓഫ് പീസിൽ ചേരാൻ ഇസ്രായേലും സമ്മതം അറിയിച്ചിട്ടുണ്ട്. ഇതിനിടെ 59 രാജ്യങ്ങൾ ബോർഡ് ഓഫ് പീസിൽ ഒപ്പുവെച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. ബോർഡിലെ സ്ഥിരാംഗത്വത്തിനായി ഒരു ബില്യൺ ഡോളർ നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.