kerala

ആലപ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് അപകടം; തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു

By webdesk17

August 04, 2025

ആലപ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വെള്ളത്തില്‍ വീണ തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42) ആണ് മരിച്ചത്. ചെന്നിത്തല കീച്ചേരില്‍കടവ് പാലത്തിന്റെ സ്പാന്‍ തകര്‍ന്നാണ് തൊഴിലാളികള്‍ വെള്ളത്തില്‍ വീണത്. ഏഴ് തൊഴിലാളികളാണ് വെള്ളത്തില്‍ വീണത്. അഞ്ച് പേര്‍ നീന്തി കരക്കെത്തിയിരുന്നു. അപകടത്തില്‍ രണ്ട് പേരെ കാണാതായിരുന്നു. ഇതില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടുകയാണ്. മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാര്‍ത്തിക്കിനായുള്ള (24) തെരച്ചിലിലാണ്.

ഉച്ചയോടെയാണ് സംഭവം. അപകടം ഉണ്ടായ സ്ഥലത്തു നിന്നും 50 മീറ്റര്‍ അകലെയായാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ചെന്നിത്തല- ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്. കാണാതായ തൊഴിലാളിക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.