Culture

‘നിങ്ങള്‍ കിടിലനാണ്’; എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.യെ പുകഴ്ത്തി സ്പീക്കര്‍

By chandrika

July 03, 2019

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എം.പി എന്‍.കെ പ്രേമചന്ദ്രനെ പുകഴ്ത്തി സ്പീക്കര്‍ ഓംബിര്‍ല. ഇന്നലെ ആലത്തൂര്‍ എം.പി രമ്യഹരിദാസിനെ പുകഴ്ത്തിയ സ്പീക്കര്‍ ഇന്ന് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ പ്രശംസിക്കുകയായിരുന്നു. പ്രേമചന്ദ്രനെ ലോക്‌സഭ നിയന്ത്രിക്കാനുള്ള ‘സ്പീക്കര്‍ പാനലിലേയ്ക്ക് ‘ തെരഞ്ഞെടുക്കുകയും ചെയ്തു.

‘നിങ്ങള്‍ മികച്ച പാര്‍ലമെന്റേറിയനാണ്. സഭയില്‍ ഏറ്റവും കൂടുതല്‍ സമയം ഇരിക്കുന്ന അംഗം. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അംഗം. സഭാ നടപടികള്‍ നന്നായി അറിയാവുന്ന അംഗമാണെന്നും സ്പീക്കര്‍ പ്രേമചന്ദ്രനെക്കുറിച്ച് പറഞ്ഞു. കൂടാതെ സ്പീക്കര്‍ പാനലിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.

ലോക്‌സഭയിലെ സത്യപ്രതിജ്ഞാദിവസം സാധ്വി പ്രജ്ഞ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞയിലെ ക്രമപ്രശ്‌നം ഉയര്‍ത്തിയത് പ്രേമചന്ദ്രനായിരുന്നു. സര്‍ട്ടിഫിക്കറ്റിലുള്ള പേരിന് പകരം ഗുരുവിന്റെ പേരുകൂടി ചേര്‍ത്തത് ചൂണ്ടിക്കാണിച്ചത് പ്രേമചന്ദ്രനായിരുന്നു. ഇതിന് പിന്നാലെ ശബരിമലയിലെ യുവതി പ്രവേശനം തടയണമെന്നാവശ്യപ്പെട്ടുള്ള നിയമനിര്‍മ്മാണബില്‍ അദ്ദേഹം അവതരിപ്പിച്ചു.