ഷിംല: ശബ്ദത്തില്‍ സംസാരിച്ചാല്‍ കോവിഡ് വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന സ്പീക്കറുടെ വിചിത്ര വാദം സഭയെ കൂട്ടച്ചിരിയിലാക്കി. ഹിമാചല്‍ പ്രദേശ് നിയമസഭാ സമ്മേളനത്തിലാണ് സ്പീക്കര്‍ വിപിന്‍ സിങ് പാര്‍മര്‍ കോവിഡ് പ്രോട്ടോക്കോള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട് വിചിത്ര വാദം നടത്തിയത്.

നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് സ്പീക്കറുടെ പരാമര്‍ശം. തിങ്കളാഴ്ച ബിജെപി ഇന്‍ഡോറാ എംഎല്‍എ റീത്ത ദേവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പരിശോധന നടത്തുന്നതിന് മുന്‍പ് സഭാ സമ്മേളനത്തില്‍ റീത്ത ദേവി പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഉച്ചത്തില്‍ സംസാരിക്കുന്നത് വൈറസ് വ്യാപനത്തിന് കാരണമാകുമെന്നാണ് വിപിന്‍ സിങ് പാര്‍മര്‍ പറഞ്ഞത്. തുടര്‍ന്ന് സാധാരണമട്ടില്‍ സംസാരിക്കാന്‍ നിയമസഭാ അംഗങ്ങള്‍ക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

എന്നാല്‍ സ്പീക്കറുടെ പരാമര്‍ശം സഭയില്‍ കൂട്ടച്ചിരിക്കും ബഹളത്തിനുമാണ് ഇടയാക്കിയത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുളള ചര്‍ച്ചയില്‍ നിരവധി എംഎല്‍എമാര്‍ ഉച്ചത്തില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, എംഎല്‍എമാരോട് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സെഷനില്‍ പങ്കെടുക്കരുതെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നിയമസഭാ സമുച്ചയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സ്വയം താപ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ദ്ദേശമുണ്ട്.