kerala

കായിക പ്രതിസന്ധികൾക്ക് പരിഹാരം കാണും; ഫുട്ബോൾ താരങ്ങൾക്ക് ഉറപ്പുനൽകി പി.കെ. കുഞ്ഞാലിക്കുട്ടി

By webdesk17

March 29, 2026

മലപ്പുറം: ജില്ലയിലെ ഫുട്ബോൾ താരങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ പഴയകാല ഫുട്ബോൾ പ്രതിഭകളുമായും പുതുതലമുറയിലെ കളിക്കാരുമായും പങ്കെടുത്ത സംവാദത്തിൽ സംസാരിക്കുകയായിരുന്നു .കായിക മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ താരങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പരിശീലനത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതാണ് കായിക പ്രതിഭകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. ചരിത്രപ്രസിദ്ധമായ കോട്ടപ്പടി സ്റ്റേഡിയം മത്സരങ്ങൾക്ക് പുറമെ കളിക്കാരുടെ ദൈനംദിന പരിശീലനത്തിനായി കൂടി വിട്ടുനൽകണമെന്ന ആവശ്യം താരങ്ങൾ അറിയിച്ചു. നഗരപരിധിയിലും പരിസരങ്ങളിലും കൂടുതൽ പൊതു കളിസ്ഥലങ്ങൾ അനുവദിക്കണമെന്നും നിലവിലുള്ള സ്റ്റേഡിയങ്ങളിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ ഒരുക്കണമെന്നും കളിക്കാർ ആവശ്യപ്പെട്ടു.

താരങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമ കാത്തുസൂക്ഷിക്കാൻ കായിക താരങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. മുൻകാല താരങ്ങളുടെ അനുഭവസമ്പത്തും യുവതാരങ്ങളുടെ ആവേശവും പങ്കുവെച്ച കൂടിക്കാഴ്ച കായിക മേഖലയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നതായിരുന്നു.