കൊച്ചി: യാത്ര പറയാതെ ശ്രീനി മടങ്ങി. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു..ശ്രീനിവാസന്റെ വിയോഗത്തില്‍ നൊമ്പരക്കുറിപ്പുമായി മോഹന്‍ലാല്‍. എടാ..വിജയാ എന്നു വിളിക്കുമ്പോള്‍ എന്താടാ ദാസാ എന്ന് മറുവിളി കേള്‍ക്കാന്‍ ഇനി വിജയനുണ്ടാകില്ല. ഒരുപാട് ഓര്‍മകള്‍ ബാക്കിയാക്കി വിജയന്‍ അനശ്വരതയിലേക്ക് മടങ്ങി.
ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്‍ കണ്ടു.
മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്ക് കഴിയും. ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത്. ജഗതിയും മോഹന്‍ലാലും പോലും പ്രേക്ഷകര്‍ ആഘോഷിച്ച കൂട്ടുകെട്ടായിരുന്നു ലാലിന്റെയും ശ്രീനിയുടേതും.. അവസാന കാലത്ത് പൊതുവേദിയില്‍ ഒരുമിച്ച് കണ്ടപ്പോള്‍ ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് മുത്തം കൊടുക്കുന്ന ലാലിനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. സിനിമക്കപ്പുറം അത്രയും മുകളിലായിരുന്നു തങ്ങളുടെ സ്‌നേഹബന്ധമെന്ന് മോഹന്‍ലാല്‍ പറയുന്നു.
ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…എന്ന് മോഹന്‍ലാല്‍ കുറിച്ചു.