തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്. മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചില്‍ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പു ജോയിന്റ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്റെ ഭാഗമായിട്ടായിരുന്നു ശ്രീറാമിന്റെ പ്രവര്‍ത്തനം. കോവിഡ് സാമൂഹിക വ്യാപനം രൂക്ഷമായതോടെ ജില്ലാ തലത്തിലെ ഏകോപനത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. വാര്‍ റൂമിന്റെ ഘടനയും കഴിഞ്ഞയാഴ്ച മാറ്റി. തുടര്‍ന്ന് ശ്രീറാമിന് ഏകോപനച്ചുമതല കൈമാറുകയായിരുന്നു.