columns
ശ്രീലങ്കന്‍ പാഠം- ഷംസീര്‍ കേളോത്ത്
വായ്പ്പയെടുത്ത് വരുമാന സാധ്യതകളൊന്നുമില്ലാത്ത പദ്ധതികള്‍ക്ക് പിറകെ പോയ ഭരണാധികാരികള്‍ ലക്ഷ്യം വെച്ചത് അഴിമതിയായിരുന്നു. തമിഴ് പുലികള്‍ക്കെതിരെയുള്ള വംശീയത ആളിക്കത്തിച്ച് തലതിരിഞ്ഞ നയങ്ങള്‍ നടപ്പാക്കി രാജ്യത്തെയാകെ കുത്തുപാളയെടുപ്പിച്ച രാജപക്സെയുടെ സിംഹള ദേശീയവാദ സര്‍ക്കാര്‍ എല്ലാ രാജ്യങ്ങള്‍ക്കും പാഠമാണ്.
ഷംസീര്‍ കേളോത്ത്
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ചരിത്രപരമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയത്തെ ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ലങ്കയിലെ സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളില്‍ ഇന്ത്യ പലപ്പോഴും അവഗണിക്കാനാവാത്ത അദൃശ്യ ശക്തി കൂടിയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ശ്രീലങ്കന്‍ രാഷ്ട്രീയം ആഭ്യന്തര രാഷ്ട്രീയത്തോളംതന്നെ പ്രാധാന്യമുണ്ട് താനും. ആ രാജ്യത്തുള്ള തമിഴ് ജനതയുടെ സാന്നിധ്യമാണിതിന് കാരണം. ഉത്തരശ്രീലങ്കയില്‍ നിന്നും തമിഴ് അഭയാര്‍ഥി പ്രവാഹം ഇന്ത്യയിലേക്കുണ്ടായാല് കേന്ദ്ര സര്‍ക്കാരിനിത് മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയായി മാറും. വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിലവിളികളല്ല മറിച്ച് സാമ്പത്തിക അരക്ഷിതാവസ്ഥയുടെ വാര്‍ത്തകളാണ് ദ്വീപില്‍നിന്ന് വരുന്നത്. തമിഴ് അഭയാര്‍ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയെന്ന നയമായിരിക്കും സ്റ്റാലിന് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് കേന്ദ്ര സര്‍ക്കാറിനറിയാം. അതിനാല്‍ തന്നെ അഭയാര്‍ഥി പ്രവാഹം ഒഴിവാക്കാനുള്ള ശ്രമമായിരിക്കും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുക.
ഇന്നേവരെ കാണാത്ത അതിസങ്കീര്‍ണമായ സാമ്പത്തിക സാഹചര്യങ്ങളിലൂടെയാണ് ശ്രീലങ്ക കടന്നുപോയികൊണ്ടിരിക്കുന്നത്. ശ്രീലങ്കയിലാകെ പ്രതിഷേധം ശക്തമാണ്. രാജപക്സ കുടുംബാംഗവും ധനമന്ത്രിയുമായ ബേസില്‍ രാജപക്സയെ സ്ഥാനത്തിന്നിന്ന് നീക്കി പ്രതിഷേധങ്ങളെ തണുപ്പിക്കാനായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ ശ്രീലങ്കന്‍ എംബസികളിലേക്കടക്കം ലങ്കന്‍ വംശജരുടെ പ്രതിഷേധം പടരുകയാണ്. ശ്രീലങ്കന്‍ സിനിമാതാരങ്ങളും ക്രിക്കറ്റ് ഇതിഹാസമായ ജയസൂര്യയെ പോലുള്ളവരും പരസ്യമായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയില്‍ അയല്‍രാജ്യത്തിന് താങ്ങാവുക എന്നത് നല്ല അയല്‍ക്കാരെന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്. രാജ്യത്തിന്റെ പാരമ്പര്യവും അതാണ്. കേന്ദ്ര സര്‍ക്കാര്‍ അത്തരം സഹകരണത്തിന് തയ്യാറാവുന്നതായാണ് സൂചനകള്‍. ചൈനയുമായി അടുക്കാന്‍ ശ്രീലങ്ക നടത്തിയ ശ്രമങ്ങള്‍ ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. ചൈനയുടെ ഇന്ത്യ വിരുദ്ധ പ്രതിരോധ പദ്ധതികള്‍ക്ക് ശ്രീലങ്ക സൗകര്യം ചെയ്തുകൊടുത്തു എന്ന വിമര്‍ശനം ഇന്ത്യന്‍ വിദേശകാര്യ വിദഗ്ധര്‍ക്കിടയില്‍ ഇന്നും ശക്തമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒരു ബില്യണ്‍ യു.എസ് ഡോളര്‍ ഇന്ത്യ കടം നല്‍കിയതായാണ് വാര്‍ത്തകള്‍. കൂടുതല്‍ പണം കടമായി ശ്രീലങ്ക ആവശ്യപ്പെട്ടിട്ടുണ്ട്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആ രാജ്യം എത്തിപ്പെട്ടതിന് പിന്നിലെ കാരണവും പരിശോധിക്കേണ്ടതുണ്ട്. അതില്‍നിന്ന് പാഠമുള്ക്കൊള്ളാനേറെയുണ്ട്. അമിതമായ കടം വരുത്തിവെച്ച വിനയാണ് ശ്രീലങ്കയനുഭവിക്കുന്ന ദുരന്തം. വലിയ പദ്ധതികള്‍ കടമെടുത്ത് നടപ്പാക്കുമ്പോള്‍ ആ പദ്ധതി കടം തിരിച്ചടയ്ക്കാനുള്ള വരുമാനം സൃഷ്ടിക്കുമോ എന്നെങ്കിലും ഭരണാധികാരികള്‍ ആലോചിക്കേണ്ടതായുണ്ട്. കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ഉയരുന്ന വിമര്‍ശനങ്ങള്‍ പ്രസക്തമാവുന്നത് അതിനാലാണ്. അടുത്ത വര്‍ഷം ശമ്പളം നല്‍കുന്നത് പോലും പ്രതിസന്ധിയിലാവാന്‍ സാധ്യതയുണ്ടന്നാണ് ധനമന്ത്രി ബാലഗോപാല്‍ പറയുന്നത്. ഇത്രയേറെ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതി കൊണ്ടുവരാനിടയുള്ള പ്രതിസന്ധിയുടെ ആഴം എത്ര വലുതായിരിക്കും എന്ന ചോദ്യം അതീവ ഗൗരവമേറിയതാണ്. പതിറ്റാണ്ടുകളായി വംശീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും ശ്രീലങ്ക ദരിദ്രരാജ്യമായിരുന്നില്ല. പൗരന്മാരുടെ പ്രതിശീര്‍ഷ വരുമാനത്തിലും ആഗോള മനുഷ്യവിഭവ വികസന സൂചികയിലുമൊക്കെ ഇന്ത്യയേക്കാള്‍ മുന്നിലായിരുന്നു കുറച്ചു കാലം മുമ്പ് വരെ ആ രാജ്യം. ഇന്നതല്ല സ്ഥിതി. ആഭ്യന്തര കലാപം രൂക്ഷമായ കാലഘട്ടത്തില്‍ പോലും മുടങ്ങാതിരുന്ന പത്രങ്ങളടക്കം പേപ്പറില്ലാത്തതിനാല്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചിരിക്കുന്നു. കടലാസില്ലാത്തതിനാല്‍ പരീക്ഷ മുടങ്ങിയ വാര്‍ത്തകളും പുറത്ത്വന്നിരുന്നു. രാജ്യത്തിന്റെ വലിയൊരു ഭാഗം ഇരുട്ടിലാണ്. സ്വാതന്ത്ര്യം ലഭിച്ച് എഴുപതിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രീലങ്കക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത്നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയെ വൈദ്യുതി ഉത്പാദനത്തിന് ആശ്രയിച്ച ആ രാജ്യം കടക്കെണിയിലായപ്പോള്‍ മതിയായ വൈദ്യുതി ലഭ്യമല്ലാത്ത സ്ഥിതിയിലാണിപ്പോള്‍. ഭരണകൂടം ലങ്കയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ അബദ്ധജഡിലമായിരുന്നു. ജനങ്ങള്‍ക്ക് ആവശ്യവസ്തക്കളടക്കം വാങ്ങാന്‍ പണമില്ലാതായപ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ കറന്‍സി അച്ചടിച്ച് മാര്‍ക്കറ്റിലേക്ക് പമ്പ് ചെയ്യുകയുണ്ടായി. ഫലത്തില്‍ ഇത് പ്രശ്നം പരിഹരിക്കുകയല്ല മറിച്ച് പണപ്പെരുപ്പം (Inflation) കൂട്ടുകയും പ്രതിസന്ധി സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. 16.08 ശതമാനമാണ് നിലവില്‍ പണപ്പെരുപ്പം. മതിയായ ആലോചനകളില്ലാതെ ധൃതിപിടിച്ച് നടപ്പിലാക്കിയ നയപരമായ നടപടിയായിരുന്നു രാസവളം ഉപയോഗിച്ചുള്ള കൃഷി പൂര്‍ണമായി ഉപേക്ഷിക്കുകയെന്നത്. ഇന്ത്യയില്‍ നോട്ട് നിരോധിച്ചത് പോലെയുള്ള ഒരു നീക്കം. ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമായിരുന്നതിനാലാണ് ഇന്ന് ശ്രീലങ്കയനുഭവിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യ അന്ന് കൂപ്പുകുത്താതിരുന്നത്. മതിയായ മുന്നൊരുക്കങ്ങളില്ലാതെ ജൈവകൃഷിയിലേക്ക് മാറിയത് ഉത്പാദനം കുറക്കുകയും ഭക്ഷ്യവസ്തുക്കള്‍ക്കടക്കം അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. സര്‍ക്കാറിന്റെ കണക്കുകൂട്ടലുകളെ താറുമാറാക്കിയതില്‍ കോവിഡ് മഹാമാരിക്കും വലിയ പങ്കുണ്ട്. ഈ വര്‍ഷം മാത്രം ഏഴ് ബില്യണ്‍ യു.എസ് ഡോളര്‍ ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരികെയടക്കാനുണ്ട്. തങ്ങളുടെ ആകെ ആഭ്യന്തര ഉത്പാദനത്തിനെക്കാള്‍ (GDP) കടമുള്ള രാജ്യമാണിന്ന് ശ്രീലങ്ക. അന്താരാഷ്ട്ര നാണയ നിധിയുടെ സഹായത്തോടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാമെന്നാണ് ശ്രീലങ്കന്‍ പ്രതീക്ഷ.
വായ്പ്പയെടുത്ത് വരുമാന സാധ്യതകളൊന്നുമില്ലാത്ത പദ്ധതികള്‍ക്ക് പിറകെ പോയ ഭരണാധികാരികള്‍ ലക്ഷ്യം വെച്ചത് അഴിമതിയായിരുന്നു. തമിഴ് പുലികള്‍ക്കെതിരെയുള്ള വംശീയത ആളിക്കത്തിച്ച് തലതിരിഞ്ഞ നയങ്ങള്‍ നടപ്പാക്കി രാജ്യത്തെയാകെ കുത്തുപാളയെടുപ്പിച്ച രാജപക്സെയുടെ സിംഹള ദേശീയവാദ സര്‍ക്കാര്‍ എല്ലാ രാജ്യങ്ങള്‍ക്കും പാഠമാണ്.
ബംഗാള്‍ കൊലപാതകങ്ങള്‍
വംഗനാടിന് രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും പുത്തരിയല്ല. യാതൊരു തെളിവും ബാക്കിവെക്കാതെ രാഷ്ട്രീയ എതിരാളികളുടെ അസ്ഥികളടക്കം ദ്രവിക്കുന്നവിധം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പാര്‍ട്ടികളും നേതാക്കളും പശ്ചിമബംഗാള്‍ ഭരിച്ചിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി മമത ബാനര്‍ജി തെരുവില്‍ അന്നത്തെ ഭരണകക്ഷിയുടെ കേഡര്മാരാല് ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ട്. തലപൊട്ടി തെരുവില്‍ കിടന്നിട്ടുണ്ട്. പ്രതിപക്ഷമാണ് എന്നും ബംഗാളില്‍ അക്രമങ്ങളുടെ പ്രധാന ഇരകള്‍. പൊതുതിരഞ്ഞടുപ്പിന്ശേഷം അരങ്ങേറിയ അക്രമണങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നുവെന്ന് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വമടക്കം ആരോപിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം ബംഗാളില്‍ അക്രമങ്ങള്‍ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് വരുന്നത് ഈയിടെ ഉണ്ടായ രണ്ട് സംഭവങ്ങളിലൂടെയാണ്. അനീസ്ഖാന്‍ എന്ന മുസ്ലിം വിദ്യാര്‍ഥി നേതാവ് സംശയാസ്പദമായ രീതിയില്‍ ഫെബ്രുവരി 18ന് കൊല്ലപ്പെട്ടതാണ് ആദ്യത്തെ സംഭവം. പൊലീസുകാരാണ് അദ്ദേഹത്തെ കൊലചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. വീട്ടിലെത്തി പൊലീസുകാര്‍ അനീസ് ഖാനെ മുകളിലെ നിലയില്‍ നിന്ന് തള്ളിയിട്ട് കൊലചെയ്യുകയായിരുന്നു എന്നാണ് അനീസ് ഖാന്റെ പിതാവ് സലീം ഖാനടക്കം പറയുന്നത്. മുസ്ലിം ന്യൂനപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്വുലര് ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്നു അനീസ്. വലിയ പ്രതിഷേധമാണ് കൊലപാതകത്തിനെതിരെ ഉയര്‍ന്നത്.
തൃണമുല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് രണ്ടാമത്തേത്. ഒരു പ്രാദേശിക തൃണമുല്‍ നേതാവിന്റെ കൊലപാതകത്തില്‍ പ്രകോപിതരായ അദ്ദേഹത്തിന്റെ അനുയായികള്‍ കൊലപാതകത്തില്‍ പങ്കുണ്ടന്ന് സംശയിക്കുന്നവരുടെ വീടുകള്‍ക്ക് തീയിടുകയായിരുന്നു. ഒരു സ്ത്രീയും കുട്ടിയുമടക്കം എട്ട് പേരാണ് വെന്ത് മരിച്ചത്. അക്രമത്തിന്റെ സംസ്കാരം കൈവെടിയാതെ ബംഗാളില്‍ യഥാര്‍ഥ ജനാധിപത്യം സാധ്യമാകില്ല. ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ് മമതാബാനര്‍ജി. വര്‍ഗീയ ഫാഷിസ്റ്റുകളോട് മാത്രമല്ല സോഷ്യല്‍ ഫാഷിസത്തോടും സന്ധിയില്ല പോരാട്ടം നടത്തിയാണ് അവര്‍ അധികാരത്തിലേറിയത്. അക്രമത്തിന്റെയും ഭീതിയുടെയും രാഷ്ട്രീയത്തിന്പകരം സമാധാനത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനായില്ലെങ്കില്‍ പതിയെ വംഗനാട് ഫാഷിസ്റ്റുകള്‍ക്ക് പിറകെ പോവും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

