india

ഖുര്‍ആനും ഹിജാബും വിതരണം ചെയ്തതിന്റെ പേരില്‍ മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ശ്രീനഗര്‍ പൊലീസ്‌

By webdesk13

February 25, 2025

ശ്രീനഗറിലെ രാജ്ബാഗ് നഗരത്തില്‍ ഖുര്‍ആനും ഹിജാബും വിതരണം ചെയ്തതിന് മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീര്‍ പൊലീസ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് ഖുര്‍ആന്‍ പകര്‍പ്പുകളും ഹിജാബും വിതരണം ചെയ്യുന്നതിനായി ഒരു കൂട്ടം കശ്മീരി സ്ത്രീകള്‍ ആരംഭിച്ച കമ്മ്യൂണിറ്റി സംരംഭത്തിന്റെ ഭാഗമായിട്ടായിരുന്നു സ്ത്രീകള്‍ ഖുര്‍ആന്‍ വിതരണം ചെയ്തത്.

റമദാന്‍ മാസത്തിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. പരമ്പരാഗതമായി മുസ്‌ലിംകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സമൂഹ സേവന പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്ന ഒരു കാലഘട്ടമാണിത്. സ്ത്രീകളെ അറസ്റ്റ് ചെയ്തതിന് വ്യക്തമായ കാരണം പൊലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.

സംഭവത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും വ്യാപകമായി പ്രതിഷേധിച്ചു. പോലീസിന്റെ നടപടി മതപരമായ ആവിഷ്‌കാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സംഭവം വലിയ ശ്രദ്ധ നേടി.

പി.ഡി.പി നേതാവും പുല്‍വാമ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ വഹീദ് പര, പൊലീസ് നടപടിയെ പരസ്യമായി വിമര്‍ശിക്കുകയും ഖുര്‍ആന്‍ സമാധാനത്തിലും നീതിയിലും അധിഷ്ഠിതമായ തത്വങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് പറയുകയും ചെയ്തു.

‘റംസാന് മുന്നോടിയായി വിശുദ്ധ ഖുര്‍ആന്‍ വിതരണം ചെയ്തതിന് രാജ്ബാഗില്‍ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇത് അനീതിയാണ്, ഖുര്‍ആന്‍ നീതിയെയും കുറ്റകൃത്യരഹിത സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഈ സ്ത്രീകളെ കോടതികളിലേക്കും പൊലീസ് സ്‌റ്റേഷനുകളിലേക്കും വലിച്ചിഴയ്ക്കരുതെന്ന് ശ്രീനഗര്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

സ്ത്രീകളെ മോചിപ്പിച്ചെന്നും ശേഷം മൂന്ന് പേരും സുരക്ഷിതരാണെന്നും അവരുടെ ഐഡന്റിറ്റിയില്‍ സംശയം തോന്നിയതിനാല്‍ ശ്രീനഗര്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നെന്നും വഹീദ് പര കൂട്ടിച്ചേര്‍ത്തു. ‘ശ്രീനഗര്‍ പൊലീസ് പരിശോധിച്ചു. മൂന്ന് പെണ്‍കുട്ടികളും വീട്ടില്‍ സുരക്ഷിതരാണ്. വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം പങ്കിടുന്നതിനിടെ ഐഡന്റിറ്റി സംബന്ധിച്ച ആശങ്കകള്‍ കാരണം അവരെ താത്കാലികമായി ചോദ്യം ചെയ്തു,’ അദ്ദേഹം എഴുതി.

കശ്മീര്‍ താഴ്‌വരയിലുടനീളം വന്‍തോതിലുള്ള തിരച്ചില്‍ നടത്തി ശ്രീനഗര്‍ പൊലീസ് കശ്മീര്‍ ഇസ്‌ലാമി സംഘടനയുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് 600ലധികം മതഗ്രന്ഥങ്ങള്‍ പിടിച്ചെടുത്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.