kerala

ശബരിമല സ്വര്‍ണക്കൊള്ള; സ്വര്‍ണം വിറ്റ് പണമാക്കിയെന്ന് സമ്മതിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി

By webdesk17

October 20, 2025

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ തട്ടിയെടുത്ത സ്വര്‍ണം മറിച്ചുവിറ്റ് പണമാക്കിയെന്ന് സമ്മതിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരടക്കം 15ഓളം പേരുണ്ടെന്നും വെളിപ്പെടുത്തല്‍. ഇതോടെ ശബരിമലയില്‍ നടന്നത് വന്‍ മോഷണമാണെന്ന് തെളിഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണക്കൊള്ള നടത്തിയത് രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയാണെന്നും ഇതിനോടകം തെളിഞ്ഞു. അതേസമയം ദ്വാരപാലക ശില്‍പപാളിയിലെയും ശ്രീകോവില്‍ വാതിലിന്റെ കട്ടിളപ്പടിയിലെയും സ്വര്‍ണം കവര്‍ന്നത് രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ രണ്ടു കേസുകളിലുമായി 13 പ്രതികളാണുള്ളതെങ്കിലും മറ്റ് ചിലരുടെ പേരുകള്‍ കൂടി പോറ്റി അന്വേഷണ സംഘത്തോട് പങ്കുവെച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍മാരില്‍നിന്ന് ലഭിച്ച സ്വര്‍ണം പണമാക്കി ഭൂമി ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായും പോറ്റി മൊഴി നല്‍കി.

എന്നാല്‍ താന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും അഞ്ചുപേരടങ്ങുന്ന സംഘം തന്നെ മോഷണം നടത്താന്‍ ഉപയോഗിക്കുകയായിരുന്നെന്നും പോറ്റി മൊഴി നല്‍കി. ബംഗളൂരുവിലും ഹൈദരാബാദിലും ചെന്നൈയിലുമാണ് കൊള്ളയുടെ ഗൂഢാലോചനയും ആസൂത്രണവും നടന്നത്. അവിടെനിന്ന് ലഭിച്ച നിര്‍ദേശപ്രകാരം ദേവസ്വം ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുകയായിരുന്നെന്നന് പോറ്റി പറയുന്നു. അതേസമയം പോറ്റി സ്‌പോണ്‍സറായി അപേക്ഷ നല്‍കിയതു മുതല്‍ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വര്‍ണം ചെമ്പായതുള്‍പ്പെടെ ഗൂഢാലോചനയുടെ ഭാഗമാണ്. മോഷ്ടിച്ച സ്വര്‍ണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

പോറ്റിയുടെ വീടുകള്‍, സഹായി വാസുദേവന്റെ വീട്, ശബരിമല, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പൊറ്റിയെ എത്തിച്ച് തെളിവെടുക്കലാണ് അടുത്ത ഘട്ടം. മുന്നോടിയായി മുരാരി ബാബു ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ചോദ്യംചെയ്യും. ശ്രീകോവിലിന്റെ കട്ടിളയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലും പോറ്റിയുടെ അറസ്റ്റ് ഉടനുണ്ടാവും.