kerala

ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി

By sreenitha

January 08, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി കൊല്ലം വിജിലന്‍സ് കോടതി. ”വേലി തന്നെ വിളവ് തിന്നു” എന്ന കടുത്ത നിരീക്ഷണവും കോടതി ഉത്തരവിലുണ്ട്. പത്മകുമാറിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയെ അറിയിച്ചു.

തന്ത്രിയുടെ അഭിപ്രായം പൂര്‍ണമായും അവഗണിച്ചാണ് സ്വര്‍ണപ്പാളികള്‍ കൈമാറിയതെന്നും എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങളും എസ്‌ഐടിയുടെ കണ്ടെത്തലുകളും. വിധിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. പിഎംഎല്‍എ നിയമപ്രകാരം കേസ് എടുത്തതോടെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ ആരംഭിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി എന്നിവരുടെ സാമ്പത്തിക ഇടപാടുകളാകും ആദ്യഘട്ടത്തില്‍ പരിശോധിക്കുക.