തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരങ്ങള്‍ നല്‍കിയത് തന്ത്രിയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി തന്ത്രിക്ക് നിര്‍ണായക തിരിച്ചടിയായി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.
ശബരിമലയിലെ മൂല്യമേറിയ വസ്തുക്കള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രിയുടെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെ, സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവിന്റെ ആദ്യ മൊഴി. എന്നാല്‍ മഹസര്‍ റിപ്പോര്‍ട്ടുകളിലും പിടിച്ചെടുത്ത രേഖകളിലും തന്ത്രിയുടെ ഒപ്പുണ്ടെന്ന് എസ്ഐടി കണ്ടെത്തി. അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളും തന്ത്രിക്കെതിരെയായിരുന്നു.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സംരക്ഷിച്ചതും തന്ത്രിയാണെന്ന് എ. പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു. ദൈവതുല്യനായ ഒരാളാണ് സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെന്നും, ആ വ്യക്തി തന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് അന്വേഷണ സംഘം തന്ത്രിയുടെ പങ്ക് കൂടുതല്‍ ശക്തമായി പരിശോധിച്ചത്.
പോറ്റി സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോയ കാര്യങ്ങള്‍ തന്ത്രിക്ക് അറിയാമായിരുന്നെന്നും, അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെയായിരുന്നു ഇടപാടുകളെന്നും എസ്ഐടി കണ്ടെത്തി. പോറ്റിയുമായി തന്ത്രിക്ക് ഫോണ്‍ ബന്ധമുണ്ടായിരുന്നുവെന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ തന്ത്രിയുടെ പങ്കും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നും വിശദമായി പരിശോധിക്കുമെന്ന് എസ്ഐടി അറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയോടെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് കൊണ്ടുപോയി. രാവിലെ ആറ്റിങ്ങലിലെ രഹസ്യ കേന്ദ്രത്തില്‍ നടത്തിയ രണ്ടാംഘട്ട ചോദ്യം ചെയ്യലിലാണ് അറസ്റ്റ് തീരുമാനിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.