kerala

‘സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥ’; കടുത്ത വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി

By sreenitha

January 20, 2026

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നാണ് പുതിയ ആരോപണം. സവര്‍ണ ഫ്യൂഡല്‍ മാടമ്പി മനസികാവസ്ഥയാണ് സതീശനുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. എല്ലാ മത-സാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന സമീപനമാണ് സതീശന്‍ സ്വീകരിക്കുന്നതെന്നും, പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ അര്‍ഹമായ നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിയെ സതീശന്‍ ഇതിലൂടെ വെല്ലുവിളിക്കുകയല്ലേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന സതീശന്‍, എന്‍.എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂര്‍ തിണ്ണനിരങ്ങിയ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കൊച്ചിയില്‍ സിറോ മലബാര്‍ സഭയുടെ സിനഡ് നടന്നപ്പോള്‍, മറ്റൊരു കാറില്‍ ആരുമറിയാതെ സതീശന്‍ അവിടെ പോയതിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.