തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം മുന്‍നിശ്ചയപ്രകാരം നാളെ നടക്കും. ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം പരീക്ഷ ഫലത്തിന് അംഗീകാരം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നായിരിക്കും ഫലപ്രഖ്യാപനം നടത്തുക. മൂല്യനിര്‍ണ്ണയവും ഡേറ്റാ എന്‍ട്രി ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടികളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
4.17 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. 2021-ലെ തിരഞ്ഞടുപ്പ് കാലത്തും സമാനമായ സാഹചര്യത്തില്‍ അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹാനായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെയും പ്ലസ് വണ്‍ പ്രവേശന നടപടികളെയും ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ഫലം വൈകരുതെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.