അടിമാലി: ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതേസമയം അപകടമുണ്ടായിട്ടും ദേശീയപാത അതോറ്റി തിരിഞ്ഞുനോക്കിയില്ലെന്നും ആദ്യഘട്ടത്തില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ ഒരു നടപടിയും എടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞദിവസം റോഡിലേക്ക് പത്തടിയോളം ഉയരത്തില്‍ നിന്ന് മണ്ണിടിഞ്ഞ് വീണിരുന്നു. ഇതോടെ മൂന്നാര്‍ ഭാഗത്തേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. എന്നാല്‍ മണ്ണ് നീക്കാനോ, വേണ്ട നടപടികള്‍ സ്വീകരിക്കാനോ അതോറിറ്റി തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. പിന്നാലെ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പോടെ ഇവിടെ താമസിക്കുന്ന 22 കുടുംബങ്ങളോട് മാറിത്താമസിക്കാന്‍ പറയുകയായിരുന്നു.
ഇന്നലെ രാത്രി ഒമ്പതേകാലിനാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഇതിന് പിന്നാലെ കുടുംബങ്ങളെ അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റി. ഒമ്പതരയോടെയാണ് കൂടുതല്‍ മണ്ണ് ഇടിഞ്ഞത്. റോഡിന്റെ സംരക്ഷണ ഭിത്തിക്കുള്ളില്‍ നിറച്ച മണ്ണാണ് ഇടിഞ്ഞുവീണത്. എന്നാല്‍ കുടുംബവീട്ടിലേക്ക് മാറിത്താമസിച്ച ബിജുവും സന്ധ്യയും സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ബിജു മരിക്കുകയും ഗുരുതര പരിക്കുകളോടെ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് അടിമാലിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂര്‍ണമായും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിഞ്ഞ് വീണത്.