ഗസ്സയില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 159 ആയി. ഗസ്സയിലെ ഭക്ഷ്യക്ഷാമത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം അറിയിക്കുന്ന സാഹചര്യത്തിലും ആവശ്യത്തിന് ട്രക്കുകള്‍ മുനമ്പിലേക്ക് കടത്തിവിടാതെ ഇസ്രാഈല്‍. ആയിരക്കണക്കിന് ട്രക്കുകള്‍ ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കളുമായി അതിര്‍ത്തിയില്‍ കിടക്കുമ്പോഴും അവ കടത്തി വിടാതെ വിമാന മാര്‍ഗമുള്ള നാമമാത്രസഹായങ്ങളും നിലവില്‍ അമേരിക്കന്‍ സ്വകാര്യ ഏജന്‍സി മുഖേന നടക്കുന്ന ഭക്ഷണ വിതരണവും മാത്രമേ ഇസ്രാഈല്‍ ഗസ്സയില്‍ അനുവദിക്കുന്നുള്ളൂ.
കൂടാതെ ഗസ്സയില്‍ ഉടനീളം ഇടതടവില്ലാതെ സൈനിക നീക്കങ്ങളും ബോംബാക്രമണങ്ങളും ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിലാണ് ഫ്രാന്‍സും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അംഗീകരിച്ച് രംഗത്ത് വന്നത്.