kerala

മുസ്‌ലിം യൂത്ത് ലീഗ് രക്തദാന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച

By webdesk13

January 22, 2025

കോഴിക്കോട് : രക്തദാനത്തിൻ്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്യുന്നതിനുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി 25ന് ശനിയാഴ്ച നടക്കും. പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി കുലുക്കല്ലൂരിൽ ശനിയാഴ്ച രാവിലെ 9.30നാണ് രക്തദാന ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കുക.

‘നൽകാം ജീവൻ്റെ തുള്ളികൾ ‘ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പയിനിൽ 50000 പ്രവർത്തകരെ പങ്കാളികളാക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.

രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കൃത്യമായ ബോധവൽക്കരണത്തിലൂടെ പരമാവധി യുവാക്കളെ ഇതിനായി സജ്ജമാക്കാനാണ് പദ്ധതിയൊരുക്കുന്നത്. ഓരോ ജില്ലാ കമ്മറ്റികൾക്കും ക്വാട്ട നിശ്ചയിച്ച് സമയബന്ധിതമായി പൂർത്തിയാക്കി ജൂൺ അവസാനം പദ്ധതി സമർപ്പണം നടത്തും. പദ്ധതി സമർപ്പണത്തിന്റെ പ്രഖ്യാപനം ജനുവരി 26ന് ഞായറാഴ്ച കോഴിക്കോട് സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടനത്തെ തുടർന്ന് ജില്ലാതല ഉദ്ഘാടനങ്ങൾ നടക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി. കെ മുഹമ്മദലിക്കാണ് ക്യാമ്പയിൻ സംസ്ഥാനതല ചുമതല.