kerala

കെ റെയിലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; ആത്മഹത്യാഭീഷണി മുഴക്കി സമരക്കാര്‍

By Test User

March 17, 2022

കെ റെയിലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. ഇന്ന് കോട്ടയം മാടപ്പള്ളിയില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ മനുഷ്യ ശൃംഖല തീര്‍ത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. കല്ലുമായി എത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.

കല്ലുമായി എത്തിയ വാഹനം തിരികെ പോകേണ്ട അവസ്ഥ വന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ സമരക്കാര്‍ പ്രതിഷേധവുമായി അടുത്തു. കൂട്ട ആത്മഹത്യ നടത്തുന്നമെന്ന് സമരക്കാരില്‍ ചിലര്‍ പറയുന്നുണ്ടായിരുന്നു. മണ്ണെണ്ണ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.

അതേസമയം എറണാകുളം ജില്ലയിലും കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാണ്. കല്ലുകള്‍ സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പുരയിടങ്ങളിലാണ് ഇവിടെ കല്ലുകള്‍ സ്ഥാപിക്കുന്നത്. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. സ്ഥലത്തും സംഘര്‍ഷാവസ്ഥ തുടരുകയാണ്.