മംഗളൂരു: ദക്ഷിണ കന്നട ജില്ല ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ വ്യാപക പരിശോധനയും റെയ്ഡും നടത്തിയത്. അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവ തടയാനുള്ള നടപടികള്‍ ശക്തമാക്കിയതായി ജയില്‍ ഡിജിപി അലോക് കുമാര്‍ ‘എക്‌സ്’ പോസ്റ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ കലബുറുഗി, മംഗളൂരു, ശിവമൊഗ്ഗ എന്നിവയുള്‍പ്പെടെയുള്ള ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടികൂടി. ജയില്‍ വളപ്പിനുള്ളില്‍ കള്ളക്കടത്ത് വസ്തുക്കള്‍ക്കെതിരായ പരിശോധന സംസ്ഥാനത്തുടനീളം തുടരുകയാണെന്ന് ഡിജിപി വ്യക്തമാക്കി. കലബുറുഗിയില്‍ നിന്ന് 10 മൊബൈല്‍ ഫോണുകളും നാല് സിം കാര്‍ഡുകളും, മംഗളൂരുവില്‍ നിന്ന് ആറു ഫോണുകളും, ബല്ലാരിയില്‍ നിന്ന് നാല് ഫോണുകളും, ശിവമോഗ ജയിലുകളില്‍ നിന്ന് മൂന്ന് ഫോണുകളും നാല് സിം കാര്‍ഡുകളും കണ്ടെത്തി.
ഇതിനിടെ, ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നടത്തിയ പരിശോധനയില്‍ 30 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ജയിലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിതെന്ന് അലോക് കുമാര്‍ അറിയിച്ചു. തിരച്ചിലിന് നേതൃത്വം നല്‍കിയ എസ്പി അന്‍ഷു കുമാറിനെയും ജയിലര്‍ ശിവകുമാറിനെയും ഡിജിപി അഭിനന്ദിച്ചു. തിരച്ചില്‍ സംഘത്തിന് 30,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
മയക്കുമരുന്ന് വസ്തുക്കള്‍, കത്തികള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവയും പരിശോധനയില്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. മംഗളൂരു ജില്ല ജയിലില്‍ ചൊവ്വാഴ്ച രാത്രി രണ്ട് ബ്ലോക്കുകളിലെ തടവുകാര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസ്ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു. ജയില്‍ സൂപ്രണ്ട് ശരണബസപ്പ നടത്തിയ അപ്രതീക്ഷിത പരിശോധനയ്ക്കിടെയാണ് എ, ബി ബ്ലോക്കുകളിലെ തടവുകാര്‍ ബഹളം വെച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. തുടര്‍ന്ന് പൊലീസ് ഇടപെടുകയായിരുന്നു.