kerala

11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും അമ്മക്കും ജീവപര്യന്തം തടവ്

By webdesk17

November 04, 2025

മലപ്പുറം: 11 വയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയ്ക്കും ജീവപര്യന്തം കഠിന തടവും 11,75,000 രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ശിക്ഷ വിധിച്ചു.

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2019 മുതല്‍ 2021 വരെ രണ്ടുവര്‍ഷത്തോളമാണ് ഇവര്‍ 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച അമ്മ മകളോടൊപ്പം യുവാവിനൊപ്പം താമസിച്ചിരുന്നതായും കേസ് രേഖകളില്‍ പറയുന്നു.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്യാമറയിലൂടെ അത് അറിയാമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

കുട്ടിയുടെ ആരോഗ്യനിലയില്‍ സംശയം തോന്നിയ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതോടെ സംഭവം പുറത്ത് വന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ച് ഇരുവരെയും അറസ്റ്റ് ചെയ്തു.

ഐപിസി, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ശിക്ഷ വിധിച്ചത്. കേസ് അന്വേഷിച്ചത് മലപ്പുറം വനിതാ പൊലീസ് ആയിരുന്നു. വാദി ഭാഗത്ത് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോമസുന്ദരന്‍ ഹാജരായി.