Culture

ആഞ്ഞുവീശി ഫ്‌ളോറന്‍സ്: അമേരിക്കയില്‍ പ്രളയം

By chandrika

September 16, 2018

വാഷിങ്ടണ്‍: അമേരിക്കയില്‍ ആഞ്ഞുവീശിയ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കാറ്റിന്റെ പ്രഹരശേഷി കുറഞ്ഞിട്ടുണ്ടെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ല. ഫ്‌ളോറന്‍സിന്റെ പ്രഭാവത്തില്‍ നോര്‍ത്ത് കരോലിനയിലും സൗത്ത് കരോലിനിയിലും കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനെ തുടര്‍ന്ന് 40 സെന്റി മീറ്റര്‍ അധികം മഴ പെയ്തു. ഫ്‌ളോറന്‍സിന്റെ വേഗത കുറഞ്ഞെടങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന് നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു.

മഴ തുടര്‍ന്നാല്‍ മുമ്പ് വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലാത്ത സ്ഥലങ്ങള്‍ പോലും വെള്ളത്തിനടിയിലാകുമെന്ന് അദ്േദഹം മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ വ്യാപാക നാശനഷ്ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയിരിക്കുന്നത്. 10 ലക്ഷത്തോളം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍ തുടരുകയാണ്.

പ്രളയക്കെടുതികള്‍ ഒരാഴ്ചയോളം തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്കം കണക്കിലെടുത്ത് കരോലിന സംസ്ഥാനങ്ങളിലും വെര്‍ജീനിയയിലും 17 ലക്ഷം പോരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശങ്ങളിലെ പട്ടണങ്ങളെല്ലാം ആളൊഴിഞ്ഞ് വിജനമാണ്. സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം അടച്ചിട്ടുണ്ട്.