പാലക്കാട്: വടക്കഞ്ചേരിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 55 കാരന്‍ കിടപ്പ് രോഗിക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കഞ്ചേരി പുളിയമ്പറമ്പ് സ്വദേശിയായ വിശാലം (55) ആണു പരിക്കേറ്റത്.
വീട്ടുമുമ്പിലെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലത്തിന് നേരെയാണ് നായയുടെ ആക്രമണം. പുറത്ത് നിന്ന് ഓടിയെത്തിയ തെരുവുനായ കൈയില്‍ കടിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റു. പിന്നീട് വിശാലത്തെ ആലത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. ഈ നായ പ്രദേശത്ത് മറ്റ് ചിലരെയും കടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
നായയുടെ ജഡം മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പേവിഷബാധയുണ്ടോ എന്നത് പരിശോധനയ്ക്ക് ശേഷം വ്യക്തമാകും.